Join News @ Iritty Whats App Group

ഭീമൻ കണ്ടെയ്നർ വാഹക കപ്പൽ നാളെ വിഴിഞ്ഞത്തേക്ക്, എത്തുന്നത് കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്ന എംഎസ്‌സി തുർക്കി


തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ വാഹക കപ്പലുകളിലൊന്നായ എംഎസ്‌സി തുർക്കി നാളെ വിഴിഞ്ഞം ബെർത്തിൽ എത്തും. 
ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമൻ കപ്പൽ ആദ്യമായിട്ടാണ് എത്തുന്നത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയും 33.5 മീറ്റർ ആഴവുമുള്ള ഈ കപ്പലിന് ഏകദേശം 24,346 സ്‌റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുണ്ട്. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എംഎസ്‌സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്‍റ വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യൻ സമുദ്ര വ്യാപാരത്തിന് ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. 

ഇന്ന് എത്തേണ്ടതായിരുന്നെങ്കിലും ഷെഡ്യൂളിലെ മാറ്റം മൂലം നാളെയെ കപ്പൽ വിഴിഞ്ഞത്തെത്തൂ എന്നാണ് വിവരം. പരിസ്ഥിതി സൗഹൃദപരമായി രൂപകൽപ്പന ചെയ്തിരിക്കുന്ന തുർക്കി വളരെ കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്ന കപ്പലാണെന്ന പ്രത്യേകതയുമുണ്ട്. വിഴിഞ്ഞം തുറമുഖം വഴി ഇതുവരെ അഞ്ച് ലക്ഷം ടിഇയു ചരക്കുനീക്കം നടന്നതായാണ് വിവരം. 246 കപ്പലുകളിലായി 5,01,847 ടിഇയു ചരക്കുനീക്കമാണ് വിഴിഞ്ഞം വഴി നടത്തിയത്. ആദ്യഘട്ടത്തിൽ വാർഷിക ശേഷിയായി കണക്കാക്കിയിരിക്കുന്നത് 10 ലക്ഷം ടിഇയു ആണ്. 2024 ജൂലൈയിലാണ് വിഴിഞ്ഞത്ത് ട്രയൽ ഓപ്പറേഷൻ തുടങ്ങിയത്. പിന്നീട് ഡിസംബറിൽ കൊമേഴ്ഷ്യൽ ഓപ്പറേഷൻ തുടങ്ങി. മാര്‍ച്ച് മാസത്തില്‍ മാത്രം 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്.

Post a Comment

أحدث أقدم