Join News @ Iritty Whats App Group

വിവാദ ആൾദൈവം നിത്യാനന്ദ മരിച്ചു? സ്വാമി ‘ജീവത്യാഗം’ ചെയ്തുവെന്ന് ബന്ധു

വിവാദ സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഇക്കാര്യം അറിയിച്ചത്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തൽ. അതേസമയം മരണവാർത്ത ഏപ്രിൽ ഫൂൾ എന്ന അർഥത്തിൽ പങ്കുവച്ചതാണോ എന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.



തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ജനിച്ച നിത്യനന്ദ, തനിക്ക് ദിവ്യമായ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, ആത്മീയതയിലൂടെ പ്രശസ്‌തിയിലേക്ക് ഉയരുകയായിരുന്നു. വലിയ തോതിൽ ഭക്തരെ ആകർഷിച്ച നിത്യനന്ദയ്ക്ക്, ഇന്ത്യയിലും വിദേശത്തുമായി ആശ്രമങ്ങളും ഉണ്ടായിരുന്നു.



ഇതിനിടയിൽ 2010ൽ സിനിമ നടിക്കൊപ്പമുള്ള നിത്യനന്ദയുടെ അശ്ലീല വിഡിയോ പുറത്തുവന്നത്തോടെ വിവാദങ്ങൾക്ക് തുടക്കമായി. ഇതിനിടെ ബലാത്സംഗ, ലൈംഗിക പീഡന കുറ്റങ്ങളും നിത്യനന്ദയ്ക്കെതിരെ ചുമത്തി. വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നിത്യാനന്ദ 2019ല്‍ ഇന്ത്യ വിട്ടു. തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാര്‍ നല്‍കിയ പരാതിയില്‍ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു രാജ്യംവിട്ടത്.



പിന്നീട് ഇയാൾ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി ‘കൈലാസ’ എന്ന പേരിൽ രാജ്യമുണ്ടാക്കി ജീവിക്കുകയാണെന്ന വാർത്തകൾ‌ പുറത്തുവന്നിരുന്നു. കൈലാസയ്ക്ക് സ്വന്തമായി പാസ്പോർട്ട് ഉണ്ടന്നായിരുന്നു വാർ‌ത്തകൾ. പിന്നീട് പലതവണ ഓണ്‍ലൈന്‍ മുഖേന ആത്മീയപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ലോകത്തിലെ തന്നെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണിതെന്ന് പ്രഖ്യാപിച്ചുകൊണ്ട് പാസ്‌പോർട്ടിന് പുറമേ പൗരത്വം, കറൻസി തുടങ്ങിയവയും ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു.



എന്നാൽ കൈലാസം ഒരു വ്യാജ രാജ്യമാണെന്നും തട്ടിപ്പാണെന്നതുമായിരുന്നു യാഥാർഥ്യം. നിത്യാനന്ദ മരിച്ചെന്ന് 2022ല്‍ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന താന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, കഴിഞ്ഞ കുറച്ചുകാലമായി വീഡിയോ പ്രഭാഷണങ്ങള്‍ പുറത്തുവരുന്നില്ലായിരുന്നു. അതിനിടയിലാണ് ഇപ്പോൾ മരണപ്പെട്ടുവെന്ന വാർത്ത പ്രചരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group