Join News @ Iritty Whats App Group

വഖഫ് ബിൽ ഭരണഘടനാ വിരുദ്ധം; തമിഴ്നാട് സർക്കാരിന് പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീം കോടതിയിൽ


ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചു വിജയ് ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർട്ടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷം ആണ്‌ വിജയ് കോടതിയെ സമീപിക്കുന്നത്. 

അതേസമയം, വഖഫ് നിയമഭേദ​ഗതിയെ തുടർന്ന് ബം​ഗാളിൽ പ്രതിഷേധത്തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ ‌അക്രമവുമായി ബന്ധപ്പെട്ട് 12 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ എണ്ണം 150 ആയി. അഞ്ച് കമ്പനി ബി‌എസ്‌എഫിനെ വിന്യസിച്ചതോടെ പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുർഷിദാബാദിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ അർദ്ധ സൈനികരെ അയക്കാൻ കേന്ദ്രം നടപടി തുടങ്ങി. മുർഷിദാബാദിലേക്ക് കൂടുതൽ സേനയെ അയക്കാൻ തയ്യാറെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടർ സാഹചര്യം നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ.

സംഘർഷത്തിൽ ഇതുവരെ മൂന്നുപേർ മരിച്ചു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇതിനിടെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ത്രിപുരയിലും സംഘര്‍ഷമുണ്ടായി. ഉനകോട്ടി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.

Post a Comment

أحدث أقدم