Join News @ Iritty Whats App Group

ഒന്നിനൊന്ന് കിടിലം അപ്ഡേറ്റുകൾ, വമ്പൻ മാറ്റങ്ങൾ വീണ്ടും അവതരിപ്പിച്ച് വാട്സ് ആപ്പ്; ഇതാ പുതിയ ഫീച്ചർ

ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പായി സജ്ജമാക്കാൻ പ്രാപ്‍തമാക്കുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കായിട്ടാണ് വാട്സ്ആപ്പ് ഈ പുതിയ സവിശേഷത അവതരിപ്പിച്ചത്. ഏറ്റവും പുതിയ iOS 18.2 അപ്‌ഡേറ്റ് ഉപയോഗിച്ച്, കോളുകൾ ചെയ്യുമ്പോഴോ സന്ദേശങ്ങൾ അയയ്‌ക്കുമ്പോഴോ ഐഫോണുകൾക്ക് ഇപ്പോൾ ഡിഫോൾട്ട് ഫോൺ അല്ലെങ്കിൽ മെസേജസ് ആപ്പിന് പകരം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും.



ഈ സവിശേഷതയിലൂടെ, ഉപയോക്താക്കൾക്ക് കോളുകൾക്കും സന്ദേശങ്ങൾക്കുമായി വാട്സ്ആപ്പിനെ ഡിഫോൾട്ട് ആപ്പായി സജ്ജമാക്കാൻ കഴിയും. അതായത്, വ്യത്യസ്‍ത ആപ്പുകൾക്കിടയിൽ മാറാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ വാട്സ്ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും കഴിയും. വാട്സ്ആപ്പിന്റെ ഐഫോൺ ബീറ്റ പതിപ്പ് 25.8.10.74 ഉപയോഗിക്കുന്ന ചില ഉപയോക്താക്കൾക്ക് ഈ സവിശേഷത ലഭിച്ചു തുടങ്ങിയതായി ട്രാക്കറായ WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഇപ്പോൾ ഐഫോണിലെ കോളുകൾക്കും സന്ദേശങ്ങൾക്കുമായി വാട്സ്ആപ്പ് അവരുടെ ഇഷ്‍ടപ്പെട്ട ആപ്പായി തിരഞ്ഞെടുക്കാം.



ഈ അപ്‌ഡേറ്റ്, ഐഫോൺ സെറ്റിംഗ്‌സിലെ ഡിഫോൾട്ട് ആപ്പ് സെലക്ഷൻ മെനുവിൽ വാട്സ്ആപ്പ് ലഭിക്കാൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ കോളിംഗിനും സന്ദേശമയക്കലിനും വാട്സ്ആപ്പ് തിരഞ്ഞെടുക്കാം. ഇത് വാ‍ട്സ്ആപ്പിനെ ദൈനംദിന ആശയവിനിമയത്തിന് കൂടുതൽ സൗകര്യപ്രദമാക്കുന്നു. ഈ ഫീച്ചർ സജ്ജമാക്കാൻ ആപ്പ് സ്റ്റോറിൽ നിന്ന് വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. 



തുടർന്ന് നിങ്ങളുടെ ഐഫോണിൽ സെറ്റിംഗ്‍സ്- ആപ്പുകൾ -ഡിഫോൾട്ട് ആപ്പുകൾ എന്നതിലേക്ക് പോകുക. കോളുകൾക്കും സന്ദേശങ്ങൾക്കും ഡിഫോൾട്ടായി വാട്‍സാപ്പ് തിരഞ്ഞെടുക്കുക. സജ്ജീകരിച്ചുകഴിഞ്ഞാൽ, ഒരു കോൺടാക്റ്റിന്റെ നമ്പറോ സന്ദേശ ബട്ടണോ ടാപ്പ് ചെയ്യുമ്പോൾ, ബിൽറ്റ്-ഇൻ ആപ്പുകൾക്ക് പകരം ഐഫോൺ ഓട്ടോമാറ്റിക്കായി വാട്ട്‌സ്ആപ്പ് തുറക്കും.



തുടക്കത്തിൽ, ഈ സവിശേഷത യൂറോപ്യൻ യൂണിയനിൽ മാത്രമേ ലഭ്യമാകൂ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ആപ്പിൾ ഇത് ആഗോളതലത്തിൽ അവതരിപ്പിച്ചു. iOS-ലെ വിശാലമായ മാറ്റങ്ങളുടെ ഭാഗമാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ. അതേസമയം വാട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിച്ചുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ നിലവിൽ ഈ സവിശേഷത ലഭ്യമാകൂ എന്നും റിപ്പോർട്ടുകൾ ഉണ്ട്. എല്ലാ ഉപയോക്താക്കൾക്കും ഇത് എപ്പോൾ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമല്ല.

Post a Comment

أحدث أقدم
Join Our Whats App Group