Join News @ Iritty Whats App Group

മണ്ഡലപുനർനിർണ്ണയം: സ്റ്റാലിനുമായി കൈ കോർക്കാൻ പിണറായി; പ്രതിഷേധ സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും



ലോക്‌സഭാ മണ്ഡല പുനർനിർണയത്തിലേക്ക് പ്രക്ഷോഭ വഴിയിലേക്ക് നീങ്ങുന്ന തമിഴ്നാടിനും മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമൊപ്പം കൈകോർക്കാൻ പിണറായി വിജയൻ. സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ കേരള മുഖ്യമന്ത്രി പങ്കെടുക്കും. ചെന്നൈയിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിലാണ് പിണറായി പങ്കെടുക്കുക. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ അനുമതി നൽകിയിരുന്നു.



മണ്ഡല പുനർനിർണയ നീക്കം കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഐഎം നിലപാട്. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ വേണമെന്നാണ് ഇതേക്കുറിച്ച് പിണറായി നേരത്തെ പ്രസ്താവിച്ചത്. ഈ മാസം 22ന് ചെന്നൈയിലാണ് ഡിഎംകെ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നത്.



അതേസമയം ചെന്നൈ പ്രതിഷേധത്തിൽ സഹകരിക്കുന്നതിൽ കോണ്ഗ്രസ് ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമറിയാൻ കാത്തിരിക്കുകയാണ്. വിശദമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ എഐസിസി തീരുമാനമെടുക്കുക.

Post a Comment

أحدث أقدم