Join News @ Iritty Whats App Group

ആനപ്രതിരോധ മതിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു പ്രവർത്തി തീർക്കാനുള്ള അന്ത്യശാസന സമയം തീരാൻ ഒരു മാസം മാത്രം


ഇരിട്ടി: അനക്കലിയിൽ 14 ജീവനുകൾ പൊലിഞ്ഞ ആറളം ഫാമിന്റെ വന്യജീവി സങ്കേതം പങ്കിടുന്ന അതിർത്തിയിൽ നിർമ്മിക്കുന്ന ആനപ്രതിരോധ മതിലിന്റെ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഹൈക്കോടതിയുടേയും എസ് സി, എസ് ടി കമ്മിഷന്റെയും മന്ത്രിതലത്തിലുള്ള ഉടപെടലുകളുമെല്ലാം ഇടപെട്ടിട്ടും നിർമ്മാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വനം മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ തീരുമാനപ്രകാരം ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി നിർമ്മാണ പുരോഗതി വിലയിരുത്തി ആറു കിലോമീറ്റർ മതിൽ ഏപ്രിൽ 30നുള്ളിൽ തീർക്കണമെന്ന് കരാറുകാരന് അന്ത്യശാസനം നൽകിയിരുന്നു. കൂടുതൽ തൊഴിലാളികളേയും നിർമ്മാണസാമഗ്രികളുടെ ലഭ്യതയും ഉറപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ നിരീക്ഷണ സമിതിയുടെ ഉത്തരവ് ഉണ്ടായി രണ്ടാഴ്ച്ച പിന്നിട്ടിട്ടും കൂടുതൽ തൊഴിലാളികളെ നിർമ്മാണത്തിന്റെ ഭാഗമാക്കാൻ കരാറുകാരന് കഴിഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് തിരുവനന്തപുരം മാർത്താണ്ഡത്തിൽ നിന്നും കൂടുതൽ തൊഴിലാളികളെത്തിയത്. ചൊവ്വാഴ്ച്ചമുതൽ രണ്ട് മേഖലകളാക്കി തിരിച്ച് 50തോളം തൊഴിലാളികൾ നിർമ്മാണത്തിന്റെ ഭാഗമായിട്ടുണ്ട്.
 


10.5 കിലോമീറ്ററിൽ ആണ് മതിൽ നിർമ്മിക്കേണ്ടത്. എന്നാൽ ഒന്നരവർഷം പിന്നിടുമ്പോൾ മതിലിന്റെ 4 കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ രീതി തുടർന്നാൽ ഏപ്രിൽ 30നുള്ളിൽ ആറുകിലോമീറ്ററെങ്കിലും പൂർത്തിയാക്കണമെന്ന നിരീക്ഷണ സമിതിയുടെ ഉത്തരവ് നടപ്പിലാകാനിടയില്ല. രണ്ട് കിലോമീറ്റർ മതിൽ ആദ്യ ഘട്ടത്തിൽ നിർമ്മിക്കേണ്ടതുണ്ട്. ഇപ്പോൾ കൂടുതൽ തൊഴിലാകളെത്തിയിട്ടുണ്ടെങ്കിലും നിർമ്മാണ സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധി തീർക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയാലും ഇപ്പോഴുള്ള തൊഴിലാളികളെ പൂർണ്ണമായി ഉപയോഗപ്പെടുത്തി പ്രവർത്തി തുടർന്നാലും ആറ് കിലോമീറ്റർ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. 
 


മതിലിന്റെ അലൈൻമെന്റിൽ ഉണ്ടാക്കിയ മാറ്റത്തെ തുടർന്ന് പഴയ മതിൽ നിലനിന്ന 4.5 കിലോമീറ്റർ ഭാഗത്തെ മരം മുറി പൂർത്തിയായെങ്കിലും മുറിച്ചിട്ട മരങ്ങളുടെ വിലനിർണ്ണയും നടന്നിട്ടില്ല. വിലനിർണ്ണയും നടത്തി മരങ്ങൾ ലോലത്തിനെടുത്തവർ നിശ്ചിത ദിവസത്തിനുള്ളിൽ കൊണ്ടുപോയി മതിലിനായി നിലം ഒരുക്കിയെടുക്കണം. പൊതുമരാമത്ത് വകുപ്പ് 10.5 കിലോമീറ്റർ മതിലിന് 53 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തെയ്യാറാക്കിയിരുന്നത്. പ്രവർത്തി ടെണ്ടർ ചെയ്തപ്പോൾ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരനെയാണ് പ്രവ്യത്തി ഏർപ്പിച്ചത്. നിർമ്മാണം വൈകുന്നത് കാരണം കാറുകാരനെ ഒഴിവാക്കാനുള്ള ശ്രമം നടത്തിയിരുന്നു. കരാറുകാരൻ സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകാഞ്ഞതിനാൽ ഒഴിവാക്കുമ്പോൾ ഉണ്ടാകാനിടയുള്ള നിയമപ്രശ്‌നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന കാലതാമസവും മതിൽ നിർമ്മാണത്തെ വീണ്ടും പ്രതിസന്ധിയിലാക്കും. 
എന്നാൽ ഇപ്പോൾ മരം മുറിച്ച 4.5 കിലോമീറ്റർ ഭാഗത്തെ മതിൽ നിർമ്മാണത്തിനായി മറ്റൊരു കരാറുകാരനെ തിരയുന്ന ആലോചന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. 



 പുതിയ കരാറിനായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പുതിയ കരാറുകാരനെ കണ്ടെത്തണമെങ്കിൽ അതിനും മാസങ്ങളെടുക്കും ഇതോടെ മതിൽ നിർമ്മാണം പൂർത്തിയവനാശമെങ്കിൽ ഒരു വർഷത്തോളമെടുക്കുമെന്ന ആശങ്കയും നില നിൽക്കുകയാണ് . ആനമതിൽ പൂർ്ത്തിയാകാത്ത ഭാഗങ്ങളിൽ താല്ക്കാലിക സൗരോർജ്ജ വേലി വനം വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പുനരധിവാസ മേഖലയിലെ ആനകളെ വനത്തിലേക്ക് തുരത്തുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. വനത്തിലേക്ക് തുരത്തുന്ന ആനകൾ അടുത്ത ദിവസങ്ങളിൽ തന്നെ പുരധിവാസ മേഖലയിലേക്ക് തിരികെ പ്രവേശിക്കുന്നതാണ് ഇപ്പോഴും പ്രതിസന്ധി തീർക്കുകയാണ്.

Post a Comment

أحدث أقدم