കണ്ണൂർ: മെഡിക്കല്‍ ഷോപ്പില്‍ നിന്നു മാറിനല്‍കിയ മരുന്ന് കഴിച്ച് ഗുരുതരാവസ്ഥയിലായ വെങ്ങരയിലെ എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു തുടങ്ങി.
ലിവർ എൻസൈമുകള്‍ സാധാരണനിലയിലേക്കു വന്നുതുടങ്ങിയെന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോ.എം.കെ.നന്ദകുമാർ പറഞ്ഞു.
പനിക്ക് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ എഴുതിയ കാല്‍പ്പോള്‍ സിറപ്പിന് പകരം പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കല്‍സില്‍ നിന്നു നല്‍കിയത് ഡ്രോപ്‌സാണ്. ഇത് ഒരേ അളവില്‍ നല്‍കിയതോടെയാണ് കുട്ടി ഗുരുതരനിലയിലായത്. കരളിന് തകരാർ സംഭവിക്കുകയായിരുന്നു. ആസ്റ്റർ മിംസില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിക്ക് കരള്‍ മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, മരുന്നിനോടു കുട്ടി പ്രതികരിച്ചതോടെയാണ് അപകടനില മാറിയത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മെഡിക്കല്‍ ഷോപ്പ് പൂട്ടിച്ചു.
إرسال تعليق