ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഒന്‍പത് മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസയുടെ ഇന്ത്യന്‍ വംശജയായ സഞ്ചാരി സുനിത വില്യംസിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിതയുടെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നതായും സുനിതയും ബുച്ചും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കുറിച്ചു.
'സുനിത വില്യംസ്, എല്ലാ ഇന്ത്യക്കാരുടെയും ആശംസകള്‍ അങ്ങേയ്ക്ക് നേരുകയാണ്. അറിയപ്പെടുന്ന ബഹിരാകാശ യാത്രികനായ മൈക്ക് മാസിമിനോയുമായി ഇന്ന് ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സംഭാഷണത്തില്‍ സുനിതയുടെ പേര് ഉയര്‍ന്നുവന്നു. നിങ്ങളെയോര്‍ത്ത് എത്രയേറെ ഞങ്ങള്‍ അഭിമാനംകൊള്ളുന്നു എന്ന കാര്യം ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയ്ക്ക് ശേഷം സുനിതയ്ക്ക് ഒരു കത്ത് എഴുതാതിരിക്കാനായില്ല. സുനിത വില്യംസിന്‍റെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ധീരതയും സന്നദ്ധതയും ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതായി പുതിയ ദൗത്യവും. ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് നിങ്ങളുള്ളതെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ എപ്പോഴും അടുത്തുണ്ട്. സുനിതയുടെ ആരോഗ്യത്തിനും വിജയകരമായ ലാന്‍ഡിംഗിനുമായി എല്ലാ ഇന്ത്യക്കാരും പ്രാര്‍ഥിക്കുന്നു'- എന്നിങ്ങനെ നീളുന്നു സുനിത വില്യംസിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിലെ വിശദാംശങ്ങള്‍.
സുനിതയ്ക്ക് ഇന്ത്യയിലേക്ക് സ്വാഗതം
ദൗത്യത്തിന് ശേഷം ഇന്ത്യയില്‍ സുനിത വില്യംസിനെ പ്രതീക്ഷിക്കുന്നതായും, രാജ്യത്തിന്‍റെ അഭിമാനപുത്രിയ്ക്ക് ആതിഥേയത്വമരുളുന്നതില്‍ അതിയായ സന്തോഷമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. സുനിതയുടെ ജീവിതപങ്കാളി മൈക്കല്‍ വില്യംസിനും സുനിതയുടെ ബഹിരാകാശ സഹയാത്രികന്‍ ബാരി വില്‍മോറിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിക്കഴിഞ്ഞു. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് അണ്‍ഡോക്ക് ചെയ്തു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. നാളെ ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27ന് നാല്‍വര്‍ സംഘത്തെയും വഹിച്ചുകൊണ്ടുള്ള ഫ്രീഡം ഡ്രാഗണ്‍ പേടകം ലാന്‍ഡ് ചെയ്യും എന്നാണ് നാസ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥ അനുസരിച്ച് ലാന്‍ഡിംഗ് സമയത്തില്‍ നേരിയ മാറ്റം വന്നേക്കാം.
സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കിയാണ് ഐഎസ്എസില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങിയിരിക്കുന്നത്. വെറും 8 ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5-ന് ബഹിരാകാശ നിലയത്തിലേക്ക് പോയ ഇരുവരുടെയും മടക്കം ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറിനെ തുടര്‍ന്ന് വൈകുകയായിരുന്നു.
إرسال تعليق