ചെറുവത്തൂര്‍ (കാസര്‍ഗോഡ്): പതിനാറാം വയസില്‍ കോളജില്‍ റാഗിംഗിനിരയായതിനെത്തുടര്‍ന്ന് മാനസികനില തെറ്റി പഠനം മുടങ്ങിയ യുവതി മരണത്തിനു കീഴടങ്ങി.
ചെറുവത്തൂര്‍ വെങ്ങാട്ടെ മുണ്ടവളപ്പില്‍ സാവിത്രി (45) ആണു മരിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിയിലായിരുന്ന സാവിത്രി ഇന്നലെ രാവിലെയാണു മരിച്ചത്. മനസ് കൈവിട്ട നിമിഷത്തില്‍ സാവിത്രി സ്വന്തം കണ്ണ് ചൂഴ്‌ന്നെടുത്തിരുന്നു. ദീര്‍ഘകാലമായി വിവിധ അഭയകേന്ദ്രങ്ങളിലായിരുന്നു താമസം. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി മഞ്ചേശ്വരത്തെ സ്‌നേഹാലയത്തിലാണ് താമസിച്ചിരുന്നത്.
അടച്ചുറപ്പുള്ള ഒരു വീടുണ്ടാക്കി സാവിത്രിയെ അവിടേക്കു കൊണ്ടുവരാനുള്ള ആഗ്രഹത്തിലായിരുന്നു അമ്മ വട്ടിച്ചി. ഇതു സാധ്യമാകും മുന്പാണ് സാവിത്രിയുടെ മരണം. 1980 ലായിരുന്നു ജനനം. സാവിത്രിക്ക് ഒരു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.
അമ്മ കൂലിപ്പണിയെടുത്താണ് നാലു പെണ്‍മക്കളെയും പോറ്റിയത്. ഇളയമകള്‍ സാവിത്രി ചെറുപ്രായത്തില്‍ത്തതന്നെ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഒരുപോലെ മികവ് തെളിയിച്ചിരുന്നു.ഡോക്ടറാകാനായിരുന്നു ആഗ്രഹം.
1996ല്‍ കുട്ടമത്ത് സ്‌കൂളില്‍നിന്നും ഫസ്റ്റ് ക്ലാസോടെ എസ്‌എസ്‌എല്‍സി പരീക്ഷ പാസായി. അതേവര്‍ഷം കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പില്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ചു. ക്ലാസ് തുടങ്ങി മൂന്നാംനാളാണ് റാഗിംഗിന് ഇരയായത്. ഇതോടെ സാവിത്രിയുടെ ജീവിതം കീഴ്മേല്‍ മറിയുകയായിരുന്നു.
അതിനുശേഷം കോളജില്‍ പോയിട്ടില്ല. പഠനവും കലയുമെല്ലാം എന്നെന്നേക്കുമായി അവസാനിപ്പിച്ചു മുറിയിലൊതുങ്ങിക്കൂടി. സ്വന്തം ശരീരം മുറവേല്‍പ്പിക്കുകയും വീട്ടില്‍നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തു. പലയിടങ്ങളില്‍ ചികിത്സിച്ചെങ്കിലും സാധാരണ ജീവിതത്തിലേക്കു തിരികെ വരാനായില്ല. റാഗിംഗ് നിരോധന നിയമത്തിനും മുമ്ബ് നടന്ന സംഭവമായതിനാല്‍ ഈ വിഷയത്തിന് ആരും അര്‍ഹിക്കുന്ന ഗൗരവം അന്നു നല്‍കിയിരുന്നില്ല. സഹോദരിമാര്‍: സുകുമാരി, ശാന്ത, തങ്കം.
إرسال تعليق