Join News @ Iritty Whats App Group

അമേരിക്കയിൽ ഗ്രീൻ കാർഡ് തിരിച്ചേൽപ്പിക്കാൻ വിദേശികളുടെ മേൽ അധികൃതർ സമ്മർദം ശക്തമാക്കുന്നെന്ന് റിപ്പോർട്ടുകൾ


ന്യൂയോർക്ക്: അമേരിക്കയിൽ ഗ്രീൻ കാർഡ് ഉപേക്ഷിക്കാൻ വിദേശികൾക്കു മേൽ അധികൃതർ സമർദം ശക്തമാക്കുന്നെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോയി മടങ്ങിയെത്തുന്ന പ്രായമായവരെയാണ് പ്രധാനമായും കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ ഇങ്ങനെ സമ്മർദത്തിലാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കുറച്ച് നാൾ സ്വന്തം നാട്ടിൽ താമസിച്ച് മടങ്ങിയെത്തുന്നവരോട് പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകി സ്വമേധയാ ഗ്രീൻ കാർഡ് തിരിച്ചേൽപിക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതത്രെ. 



പലരെയും വിമാനത്താവളത്തിൽ അധിക പരിശോധനകൾക്ക് വിധേയമാക്കിയും ഒരു ദിവസം തടങ്കലിൽ വെച്ചുമൊക്കെയാണ് ഉദ്യോഗസ്ഥർ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് അഭിഭാഷകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് പറയുന്നു. 180 ദിവസമോ അതിലധികമോ മറ്റൊരു രാജ്യത്ത് താമസിച്ച ശേഷം മടങ്ങിയെത്തുന്ന ഗ്രീൻ കാർഡ് ഉടമയെ 'റീ-അഡ്മിഷൻ' ആയാണ് നിയമ പ്രകാരം അമേരിക്കയിൽ പരിഗണിക്കുന്നത്. ഇവരുടെ ഗ്രീൻ കാർഡ് തടഞ്ഞുവെയ്ക്കാൻ ചില നിബന്ധനകൾക്ക് വിധേയമായി സാധിക്കും. 



എന്നാൽ ഒരു വ‍ർഷമെങ്കിലും രാജ്യത്തിന് പുറത്ത് കഴിഞ്ഞവരുടെ ഗ്രീൻ കാർഡുകളാണ സാധാരണയായി റദ്ദാക്കുന്നതിന് പരിഗണിക്കുന്നത്. എന്നാൽ ഈ കാലയളവുകളേക്കാൾ കുറഞ്ഞ കാലം രാജ്യത്തിന് പുറത്ത് താമസിച്ച ശേഷം മടങ്ങി വരുന്നവരെയും വിമാനത്താവളത്തിൽ വെച്ച് തടഞ്ഞുനിർത്തി അധിക ചോദ്യം ചെയ്യലിന് വിധേയമാക്കുന്നു എന്നാണ് നിരവധിപ്പേർ പറഞ്ഞത്. സ്വമേധയാ ഗ്രീൻ കാർഡ് തിരികെ നൽകാനുള്ള I-407 ഫോം പൂരിപ്പിച്ച് നൽകാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.



ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അമിതാധികാര പ്രയോഗം നടത്തുകയാണെന്ന് അമേരിക്കയിലെ നിയമവിദഗ്ധർ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം സമ്മർദങ്ങൾക്ക് വിധേയമായി ഗ്രീൻ കാർഡ് സ്വയം തിരികെ നൽകേണ്ടതില്ലെന്നും, സ്വന്തമായി ഫോം ഒപ്പിട്ട് നൽകിയാലല്ലാതെ ഗ്രീൻ കാർഡ് സാധാരണ ഗതിയിൽ റദ്ദാക്കാൻ സാധിക്കിവ്വെന്നും ഇവ‍ർ പറയുന്നു. ഒരു വർഷം അമേരിക്കയ്ക്ക് പുറത്ത് താമസിച്ച ശേഷം തിരികെ എത്തുന്നവരുടെ ഗ്രീൻ കാർഡാണ് ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കുന്നത്. എന്നാൽ ഇത് പോലും നിയമപരമായി ചോദ്യം ചെയ്യാനാവും. 



അതുകൊണ്ടുതന്നെ വിമാനത്താവളങ്ങളിൽ വെച്ച് സറണ്ടർ ഫോമുകളിൽ ഒപ്പിച്ച് കൊടുക്കരുതെന്ന് നിയമ രംഗത്തുള്ളവർ പറഞ്ഞു. വിമാനത്താവളത്തിൽ വെച്ച് സമ്മർദത്തിലാക്കി അധിക ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കുമ്പോൾ പലരും പരിഭ്രാന്തരാവും. പല രേഖകളും കൈയിൽ ഉണ്ടായിരിക്കുകയുമില്ല. ഈ സാഹര്യത്തിൽ പലരും ഫോം ഒപ്പിട്ട് കൊടുക്കാൻ തയ്യാറാവുകയും ചെയ്യും.

Post a Comment

أحدث أقدم