കൊച്ചി: കളമശേരി പോളിടെക്നിക് ലഹരി കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കും. ക്യാമ്പസിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചവരെ പറ്റി കൃത്യമായ സൂചനകൾ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോളേജിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അന്വേഷണ പരിധിയിലുണ്ട്.
ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ്വ വിദ്യാർത്ഥിയാണെന്നാണ് പൊലീസ് അനുമാനം. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥിക്കെതിരായ തെളിവുകൾ ലഭിച്ചത്. എറണാകുളം സ്വദേശിയായ പൂർവ്വ വിദ്യാർത്ഥിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപകമാക്കി. റെയ്ഡിന് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് നിഗമനം. ആകാശിനെ വീണ്ടും ചോദ്യം ചെയ്യും.നിലവിൽ റിമാൻഡിലായ മുഖ്യപ്രതി ആകാശിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷയും പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.
കോളേജ് ഹോസ്റ്റലിൽ നിന്നും 2 കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പിടിച്ചെടുത്തത്. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍(21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. ചെറിയ അളവാണ് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞാണ് അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പൊലീസ് നടപടിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്‍റെ വാദം പൊളിഞ്ഞു. 2 കിലോ കഞ്ചാവ് പിടികൂടിയ മുറിയില്‍ മുഖ്യപ്രതി ആകാശിനൊപ്പമല്ല കെഎസ്‍യു നേതാവ് ആദില്‍ താമസിക്കുന്നതെന്നും, ഈ മുറി ആദിലിന്‍റേതല്ലെന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ അലോഷ്യസ് സേവ്യറിന്‍റെ വാദം. എന്നാല്‍ മുറി തനിക്ക് കൂടി അനുവദിക്കപ്പെട്ടതാണെന്ന് കെഎസ്‍യു നേതാവ് ആദിൽ സമ്മതിച്ചു. പിടിയിലായ ആകാശും താനും ഹോസ്റ്റലില്‍ ഒരു മുറിയിലാണ് താമസിക്കുന്നത്. ഔദ്യോഗികമായി അനുവദിക്കപ്പെട്ട മുറിയാണിതെന്നും ആദിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
إرسال تعليق