കൊല്ലം: എടിഎം വഴിയുള്ള പണം പിൻവലിക്കൽ ഫീസ് ഇനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എസ്ബിഐയുടെ ലാഭം 2043 കോടി രൂപ. തൊട്ടു പിന്നിൽ 90.33 കോടി രൂപയുടെ ലാഭവുമായി പഞ്ചാബ് നാഷണൽ ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള കാനറാ ബാങ്കിൻ്റെ ലാഭം 31.42 കോടിയാണ്.
പണം പിൻവലിക്കുന്നതിനുള്ള നിശ്ചിത പരിധിക്ക് ശേഷം ബാങ്കുകൾ നേടിയ ലാഭത്തിന്റെ കണക്ക് അടുത്തിടെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. അതിലാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ റിക്കാർഡ് ലാഭം സംബന്ധിച്ച് വിശദമായി വ്യക്തമാക്കിയിട്ടുള്ളത്.റിസർവ് ബാങ്കിൻ്റെ മാർഗ നിർദേശം അനുസരിച്ച് ഒരു വ്യക്തിക്ക് അക്കൗണ്ടുള്ള ബാങ്കിൻ്റെ എടിഎമ്മിൽ നിന്ന് പ്രതിമാസം സാമ്പത്തിക – സാമ്പത്തികേതരമായ അഞ്ച് ഇടപാടുകൾ നടത്താം.
അതിനു ശേഷമുള്ള ഇടപാടുകൾക്കാണ് ബാങ്കുകൾ അധിക ഫീസ് ഈടാക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം വഴിയുള്ള ഇടപാടുകളിൽ മെട്രോ സെൻ്ററുകളിൽ മൂന്നും നോൺ മെട്രോ സെൻ്ററുകളിൽ അഞ്ചും ഇടപാടുകൾ സൗജന്യമാണ്. ഈ പരിധികഴിഞ്ഞാലും ഇടപാടുകാരിൽ നിന്നും അധിക ചാർജ് ഈടാക്കും.
റിസർവ് ബാങ്കിൻ്റെ 2025 ജനുവരിയിലെ കണക്ക് അനുസരിച്ച് രാജ്യത്ത് പൊതുമേഖലാ ബാങ്കുകളുടെ എടിഎം സെൻ്ററുകളുടെ എണ്ണം 1, 35, 908 ആണ്. ഇതിൽ മുന്നിൽ നിൽക്കുന്നതും എസ്ബിഐ തന്നെ. അവർക്ക് 64,933 എറ്റിഎമ്മുകൾ ഉണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ 12974 ഉം കാനറാ ബാങ്കിൻ്റെ 11968 എടിഎമ്മുകളും രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
2020 മാർച്ച് മുതൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിലനിർത്താൻ പിഴ ഈടാക്കുന്നില്ല എന്നും റിസർവ് ബാങ്കിൻ്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
إرسال تعليق