Join News @ Iritty Whats App Group

ഏപ്രിൽ 1 മുതൽ ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏ‍ര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. വേനൽക്കാലത്തെ തിരക്ക് മുന്നിൽ കണ്ടാണ് കോടതിയുടെ നടപടി. ഏപ്രിൽ 1 മുതൽ ജൂൺ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് എൻ സതീശ് കുമാർ, ജസ്റ്റിസ് ഡി ഭാരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്. 



പ്രവ‍ര്‍ത്തി ദിനങ്ങളിൽ ഊട്ടിയിലേയ്ക്ക് 6000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 8000 വാഹനങ്ങളും മാത്രമേ കടത്തി വിടാൻ പാടൂള്ളൂ എന്നാണ് ഉത്തരവിൽ പറയുന്നത്. കൊടൈക്കനാലിൽ ഇത് യഥാക്രമം 4000, 6000 എന്നാക്കി ചുരുക്കുകയും ചെയ്തു. പ്രദേശവാസികളുടെ വാഹനങ്ങൾക്കും കാർഷികോത്പ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവ‍ര്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.



ഹിൽ സ്റ്റേഷനുകളിൽ പ്രവേശിക്കാൻ ഇ-പാസുകൾ നൽകുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. നീലഗിരിയിൽ പ്രതിദിനം 20,000 വാഹനങ്ങൾ പ്രവേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിന് പിന്നാലെയാണ് 2024 ഏപ്രിൽ 29ന് ഹിൽ സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് വാഹനങ്ങൾക്ക് ഇ-പാസുകൾ നിർബന്ധമാക്കി കോടതി ഉത്തരവിട്ടത്.

Post a Comment

أحدث أقدم