കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ കേസില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ ചോദ്യം ചെയ്‌തേക്കും. സാമ്പത്തീക പ്രതിസന്ധി ചൂണ്ടിക്കാട്ടി എന്‍എം വിജയന്‍ കെപിസിസി അദ്ധ്യക്ഷന് കത്തയച്ച സാഹചര്യത്തിലാണ് സുധാകരനെ ചോദ്യം ചെയ്യുന്നത്. രണ്ടു തവണ എന്‍എം വിജയന്‍ അയച്ച കത്തുകളുടെ വിശദാംശങ്ങള്‍ തേടുന്നതിനാണ് പൊലീസ് നീക്കം.
കത്ത് വായിച്ചിരുന്നതായി നേരത്തെ കെ സുധാകരന്‍ സമ്മതിച്ചിട്ടുള്ളതാണ്. നേരത്തേ തന്നെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതാണെന്നും കത്തില്‍ പുറത്ത് പറയേണ്ട കാര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നുമായിരുന്നു പ്രതികരണം. ഐസി ബാലകൃഷ്ണനോട് ഉള്‍പ്പെടെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ നേരത്തേ കേസിലെ രണ്ടാം പ്രതി ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മൂന്നാം പ്രതി മുന്‍ കോണ്‍ഗ്രസ്സ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
ഇന്നും ചോദ്യം ചെയ്യല്‍ തുടരും. കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കല്‍പ്പറ്റ ചീഫ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ വരുന്ന 25-ാം തീയതിക്ക് മുമ്പായി ഏതെങ്കിലും ഒരു ദിവസം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മറ്റു രണ്ടുപേരോടും മൂന്നു ദിവസങ്ങളിലായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ ചീഫ് സെഷന്‍സ് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
إرسال تعليق