മലപ്പുറം: ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചെന്ന കേസില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി അംഗീകരിച്ചില്ല. ഇന്നലെ രാത്രിയാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എംഎല്‍എയുടെ ഒതായിയിലെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തെ റസ്റ്റ് ചെയ്തത്.
നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിനെ അറസ്റ്റിലാക്കിയത്. നിലമ്പൂര്‍ ഫോറസ്റ്റ് ആക്രമണ കേസില്‍ അന്‍വര്‍ അടക്കം 11 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ അന്‍വറിനെതിരെ ചുമത്തിയിട്ടുണ്ട്. ആക്രമണത്തില്‍ പങ്കാളികളായ മറ്റുള്ളവരെ പിടികൂടാന്‍ അന്‍വറിനെ കസ്റ്റഡിയില്‍ വേണം എന്നായിരുന്നു പൊലീസിന്റെ ആവശ്യം.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഉപാധികളോടെയാണ് അന്‍വറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, അറസ്റ്റിലായ ഓരോരുത്തരുടേയും പേരില്‍ 50000 രൂപ കെട്ടിവെക്കണം എന്നീ ഉപാധികളാണ് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു അന്‍വറിനെ പാര്‍പ്പിച്ചിരുന്നത്.
ജനകീയ വിഷയത്തില്‍ ന്യായമായ പ്രതിഷേധമാണ് താന്‍ നടത്തിയതെന്നും ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമിച്ചിട്ടില്ലെന്നും അന്‍വര്‍ കോടതിയോട് പറഞ്ഞു. അതേസമയം എഫ് ഐ ആറില്‍ 11 ആളുകളുടെ പേരുണ്ടായിട്ടും റിപ്പോര്‍ട്ടില്‍ അന്‍വറിന്റെ പേരു മാത്രം ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണ് എന്നായിരുന്നു കോടതി പൊലീസിനോട് ചോദിച്ചത്. അന്‍വറിനെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ജാമ്യം ലഭിച്ചത്.
ഇത് സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡിഎംകെ. നേതാക്കള്‍ പ്രതികരിച്ചു. തന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നായിരുന്നു അന്‍വര്‍ പറഞ്ഞിരുന്നത്. അന്‍വറിനെ ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്‍വറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇതിനിടെ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
إرسال تعليق