വയനാട് : കടുവാ ഭീതി നിലവിലുള്ള പുല്‍പള്ളി ഗ്രാമപഞ്ചായത്തിലെ 8,9,11 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് മാനന്തവാടി സബ് കലക്ടർ. പഞ്ചായത്തിലെ ആടിക്കൊല്ലി, അച്ചനഹള്ളി, ആശ്രമക്കൊല്ലി വാര്‍ഡുകളിലാണു കടുവയുടെ ഭീഷണി തുടരുന്നത്. കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിർദേശമുണ്ട്.
കടുവയെ പിടികൂടാനുള്ള തീവ്ര ദൗത്യത്തിലാണു കര്‍മസേന. കടുവയെ പിടികൂടുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ വനം വകുപ്പും പൊലീസും സ്വീകരിച്ചുവരികയാണ്. ഇന്നലെ രാത്രിയിൽ കടുവയുടെ തൊട്ടടുത്ത് വനംവകുപ്പ് എത്തിയിരുന്നു. രാത്രിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുമെന്നു കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല.
അതേസമയം ഒരാടിനെക്കൂടി കടുവ കൊല്ലുകയും ചെയ്തു.ഇതു മൂന്നാം ദിവസമാണ് തുടർച്ചയായി കടുവ ആടിനെ കൊല്ലുന്നത്. കടുവ പിടിച്ച വളര്‍ത്തുമൃഗങ്ങളുടെ എണ്ണം നാലായി. ഇന്നലെ തൂപ്രയില്‍ ഒരാടിനെ കടുവ കൊന്നിരുന്നു. ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. ഇന്നു തന്നെ കടുവയെ പിടികുടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
إرسال تعليق