കണ്ണൂർ: ഒരു രൂപ നല്കിയാല് കിടിലൻ ഷൂ കിട്ടുമെന്ന പരസ്യം കണ്ട് ആളുകള്‍ ഒഴുകിയെത്തിയതോടെ കണ്ണൂർ നഗരം ജനസമുദ്രമായി.
ഒടുവില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാൻ പൊലീസ് ഇടപെട്ട് കട താത്ക്കാലികമായി അടപ്പിക്കുകയായിരുന്നു. ടൗണ്‍ പൊലീസിന്റെ ഇടപെടലില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയും ചെയ്തു. ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പില്‍ എത്തുന്ന 75 പേർക്ക് കിടിലൻ ഷൂ എന്നതായിരുന്നു കടയുടമകളുടെ ഓഫർ.
ഞായറാഴ്ച രാവിലെയാണ് ആളുകള്‍ ഒരു രൂപക്ക് ഷൂ വാങ്ങാനായി കണ്ണൂർ ടൗണിലേക്കെത്തിയത്. സാമൂഹികമാധ്യമങ്ങളിലെ റീല്‍സ് കണ്ട് ഷൂ വാങ്ങാൻ ആദ്യ 75-ല്‍ ഉള്‍പ്പെടാൻ പുലർച്ചെ സ്ത്രീകള്‍ അടക്കം എത്തിയപ്പോള്‍ പരിസരത്താകെ ജനസമുദ്രം. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 75 പേർക്കുള്ള കിടിലൻ ഓഫറിന്റെ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു. മറ്റു ഓഫറുകളും കടയില്‍ കിട്ടുമെന്നും പരസ്യത്തിലുണ്ടായിരുന്നു.
ഒരു രൂപ നോട്ട് തപ്പിയെടുത്ത് ജില്ലയില്‍നിന്നും പുറത്തും ഉള്ളവർ അതിരാവിലെ എത്തി. 11 മണിയോടെ ആ പ്രദേശമാകെ ആളുകളെ കൊണ്ട് നിറഞ്ഞു. ഓഫറിന് വേണ്ടി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നപ്പോള്‍ പോലീസ് ഇടപെട്ടു. കടപൂട്ടാൻ ഉടമകളോട് പറഞ്ഞു. ഓഫർ ലഭിക്കാത്ത നിരാശയില്‍ ആളുകള്‍ പിരിഞ്ഞുപോയി.
إرسال تعليق