ഇരിട്ടി: ഒത്തു കല്ല്യാണവും ഒരാഴ്ചക്കുശേഷം നടക്കുന്ന വിവാഹാഘോഷങ്ങളുടെ ആനന്ദ രാവുകളെയും വരവേൽക്കാൻ കാത്തിരുന്ന മാട്ടറ കാലാങ്കി കയ്യുന്നുപാറയിലെ ബെന്നിയുടെ കുടുംബത്തിൽ പെയ്തിറങ്ങിയത് സങ്കടക്കണ്ണീർ മഴ. എറണാകുളത്തുനിന്നും ബെന്നിയുടെ മകൻ ആൽബിന്റെ ഒത്തുകല്ല്യാണത്തിനും വിവാഹത്തിനുമായി വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വാങ്ങി തിരിച്ച് വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കേയാണ് അപകടവും ഭാര്യ ബീനയുടെയും സഹോദരിയുടെ മകൻ ലാജോവിന്റെയും മരണവും.
ജനുവരി 11നാണ് ആൽബിന്റെ ഒത്തുകല്ല്യാണം തീരുമാനിച്ചിരുന്നത്. ഒത്തുകല്ല്യാണം കഴിഞ്ഞ് കൃത്യം ഒരാഴ്ച കഴിയുമ്പോൾ വരുന്ന 18നാണ് കല്യാണവും തീരുമാനിച്ചിരുന്നത് . ആലപ്പുഴയിലാണ് വധു. അതിനാൽ തന്നെ എറണാകുളത്തെത്തി വിവാഹ ആവശ്യത്തിന് വേണ്ട വസ്ത്രങ്ങളും സ്വർണങ്ങളും എല്ലാം വാങ്ങി തിരിച്ച് വീടെത്താൻ വെറും ഇരുപതു കിലോമീറ്റർ മാത്രം ബാക്കി നിൽക്കെയാണ് ദുരന്തം സംഭവിക്കുന്നത്. ബെന്നിയും കുടുംബവും സഞ്ചരിച്ച കാർ ഉളിയിൽ വച്ച് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് വാഹനത്തിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബീനയും, ലിജോയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ബീനയുടെ ഭർത്താവ് ബെന്നിയും മകൻ ആൽബിനും പരിക്കുകളോടെ ചികിത്സയിലാണ്.
ബെന്നിയുടെ സഹോദരിയുടെ മകനായ ലിജോ മംഗലാപുരത്താണ് താമസിക്കുന്നത്. ആൽബിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ലിജോ നാട്ടിലെത്തിയത്. ഏറെ സന്തോഷത്തോടെ ആഘോഷം നടക്കേണ്ട വീട് സങ്കടക്കടലായി മാറി. കല്യാണത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായ വീട്ടിൽ ദുരന്തം എത്തിയതോടെ നാടെന്നാകെ ദുഃഖത്തിലാഴ്ന്നു.
إرسال تعليق