Join News @ Iritty Whats App Group

സെന്റിന് ആറു ലക്ഷം വിലപറഞ്ഞ സ്ഥലം ജപ്തി ഭീഷണി മുഴക്കി മൂന്നര ലക്ഷത്തിന് നിര്‍ബന്ധിച്ചു വില്‍പ്പിച്ചു ; കലാരാജുവിന്റെ കത്ത് പുറത്ത്


കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ സി.പി.എം. കൗണ്‍സിലര്‍ കലാ രാജു സി.പി.എം. നേതാക്കള്‍ക്കെതിരേ സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ രണ്ടിനു സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്.

ഭര്‍ത്താവിന്റെ പേരില്‍ കൂത്താട്ടുകുളം ഫാര്‍മേഴ്‌സ് ബാങ്കില്‍നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നെന്നും കൊറോണയെത്തുടര്‍ന്നു മരണമടഞ്ഞ ഭര്‍ത്താവിന്റെ വായ്പക്കുടിശിക അടച്ചുതീര്‍ക്കാന്‍ സാവകാശം നല്‍കുകയോ മരണപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും കബളിപ്പിച്ചു എന്നും ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് കത്തിലുള്ളത്.

ഫാര്‍മേഴ്‌സ് ബാങ്ക് മുന്‍ പ്രസിഡന്റും ഏരിയ കമ്മിറ്റിയംഗവുമായ സണ്ണി കുര്യാക്കോസിനെതിരേയാണ് പ്രധാനമായും പരാതി. 'ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍, സെന്റിന് ആറു ലക്ഷം രൂപ വിലപറഞ്ഞ സ്ഥലം ജപ്തി ഭീഷണി മുഴക്കി മൂന്നര ലക്ഷം രൂപയ്ക്കു നിര്‍ബന്ധിച്ചു വില്‍പ്പിച്ചു. ഇതില്‍നിന്നു ലഭിച്ച ഒരു കോടി 5.5 ലക്ഷം രൂപയില്‍ ആദ്യ ഗഡുവായ 52.5 ലക്ഷം രൂപ മുഴുവന്‍ ബാങ്കിന്റെ സസ്‌പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

ബാക്കി വീട് വാങ്ങുമ്പോള്‍ തരാമെന്നാണ് പറഞ്ഞത്. നമ്പര്‍ ലഭിക്കാത്ത വീടാണു വാങ്ങിപ്പിച്ചത്. നമ്പര്‍ ലഭിക്കുന്നതിനുതന്നെ 2,70,000 രൂപ മുടക്കിപ്പിച്ചു. 85 വയസുള്ള റിട്ട. അധ്യാപികയായ എന്റെ മാതാവിനെ 'ബോധമില്ലാത്ത നിങ്ങള്‍ എന്തിനാണ് വന്നത് ' എന്ന് ആക്ഷേപിച്ചു. ഫാര്‍മേഴ്‌സ് ബാങ്കില്‍ അടച്ച തുക ബാങ്ക് എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. ബാങ്കില്‍ വരവുവച്ച രസീതും ഇതേവരെ ലഭിച്ചിട്ടില്ല. ഞങ്ങളുടെ 75 ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയിട്ടുണ്ട്.

ധൃതിപിടിച്ചു ഞങ്ങള്‍ക്കെതിരേ ജപ്തി ഭീഷണി മുഴക്കി വീടും സ്ഥലവും വില്‍പ്പിച്ചു. എന്നാല്‍ കാലപ്പഴക്കം ചെന്ന കുടിശികക്കാര്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ആരോപിക്കുന്നു. എന്റെ വസ്തു ഒതുക്കി വാങ്ങിത്തരാമെന്ന് സണ്ണി കുര്യാക്കോസ് കൂത്താട്ടുകുളത്തെ രാമവര്‍മ്മ ട്രസ്റ്റ് ഭാരവാഹികളെ അറിയിച്ചിരുന്നതായി ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞിട്ടുണ്ട്.

കൂത്താട്ടുകുളത്തു വല്ലാത്ത രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ആളുകള്‍തന്നെ പാര്‍ട്ടി മെമ്പറായ എന്നെ, കിട്ടിയ അവസരം പ്രയോജനപ്പെടുത്തി, കബളിപ്പിച്ചു. വലിയ നഷ്ടം വരുത്തിവച്ചു. എനിക്കിതു സഹിക്കാന്‍ പറ്റുന്നില്ല. ഇക്കാര്യത്തില്‍ സഖാവിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടല്‍ നടത്തി എന്റെ സങ്കടത്തില്‍നിന്ന് എന്നെ സഹായിക്കണം' എന്നാണ് പാര്‍ട്ടിയംഗവും നഗരസഭ കൗണ്‍സിലറുമായ കലാ രാജു സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group