താമരശേരി: അമ്മയെ ക്രൂരമായി വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ മകൻ ആഷിഖ്. ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നൽകിയതെന്നാണ് അരുംകൊലയുടെ കാരണം ചോദിച്ചവരോട് ഇയാൾ പറയുന്നത്. അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദയാണു കൊല്ലപ്പെട്ടത്. ബ്രെയിൻ ട്യൂമർ ബാധിച്ച് സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്ന സുബൈദയെ അവിടെയെത്തിയാണ് മകൻ കൊലപ്പെടുത്തിയത്.
വീട്ടിലെ ഡൈനിംഗ് ഹാളിൽ അമ്മയെ കഴുത്തിൽ വെട്ടി കൊന്നശേഷം രക്തംപുരണ്ട കത്തിയുമായി നിന്ന ആഷിഖ് ഓടിക്കൂടിയവരോടാണ് കൊലയുടെ കാരണം വെളിപ്പെടുത്തിയത്. തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടിൽനിന്നു വാങ്ങിയ കൊടുവാൾ ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
ലഹരിമരുന്നിന് അടിമയാണ് ഇയാളെന്നാണ് കുടുംബം പറയുന്നത്. സുബൈദ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കുശേഷം സഹോദരി പുതുപ്പാടി ചോയിയോട് ആദിൽ മൻസിൽ ഷക്കീലയുടെ വീട്ടിൽ ഒന്നര മാസം മുന്പാണ് എത്തിയത്.
ഷക്കീല ജോലിക്കു പോയിരുന്നതിനാൽ ആക്രമണം നടന്ന സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഒന്നര വയസുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപെടുത്തി. കൂലിപ്പണി ചെയ്താണു സുബൈദ മകനെ വളർത്തിയത്.
ചിന്തകളിൽ നിറയെ മകൻ മാത്രം
ഭർത്താവ് 23 വർഷം മുമ്പ് ബന്ധം വേർപ്പെടുത്തി. ആകെയുള്ള പ്രതീക്ഷയായിരുന്നത് ഏക മകൻ ആഷിഖ്. ചിന്തകളെല്ലാം മകനെ കുറിച്ചു മാത്രം. സ്നേഹം മാത്രം പകർന്ന അമ്മയുടെ ജീവനെടുത്തത് അതേ മകൻ.
പ്ലസ് ടു കഴിഞ്ഞശേഷം ഓട്ടോമൊബൈൽ എൻജിനിയറിംഗിന് ചേർത്തു. അവിടെവച്ചാണ് ലഹരി ഉപയോഗത്തിന്റെ തുടക്കം. തുടർന്ന് പണം ആവശ്യപ്പെട്ട് നിരന്തരം വീട്ടിൽ പ്രശ്നം. മുസാഫും നിസ്കാര പായയും വരെ തീയിട്ട് നശിപ്പിച്ചു.
പൊറുതിമുട്ടിയപ്പോൾ മകനുമായി സുബൈദ ഭർത്താവിന്റെ വീട്ടിലെത്തി മകനെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കുഞ്ഞുപ്രായത്തിൽ പിതാവ് ആവശ്യപ്പെട്ടപ്പോൾ കൈമാറാൻ തയാറാകാതിരുന്നതിനാൽ ഇപ്പോൾ ഏറ്റെടുക്കാനാകില്ലെന്നു പറഞ്ഞ് വീട്ടുകാർ സുബൈദയെ മടക്കി അയക്കുകയായിരുന്നു.
പിന്നീട് അഞ്ചു ലക്ഷത്തിലധികം രൂപ മുടക്കി ലഹരിമുക്തി കേന്ദ്രങ്ങളിൽ ചികിത്സ നടത്തി. പക്ഷേ എല്ലാം വെറുതെയായി. കൂട്ടുകെട്ടിൽപെടുമ്പോൾ പഴയ സ്വഭാവത്തിലേക്കുതന്നെ നീങ്ങി.
വീടുകളിലും വിവാഹത്തിനുമെല്ലാം ഭക്ഷണം പാകം ചെയ്യുന്നതിന് സഹായിയായും കൂലിപ്പണിയെടുത്തുമാണ് സുബൈദ മകനെ വളർത്തിയത്. ആഷിഖ് വയറിംഗ് ജോലിക്ക് സഹായിയായി ഇടയ്ക്കൊക്കെ പോയിരുന്നു. ഷക്കീലയുടെ വീട്ടിൽ താമസം തുടങ്ങിയിട്ട് രണ്ടു മാസമായി.
അതിനുമുമ്പ് നഫീസ എന്ന സഹോദരിയുടെ വീട്ടിലായിരുന്നു. എന്നാൽ ആഷിഖ് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനാൽ അവനോട് വീട്ടുകാർ അടുപ്പം കാണിച്ചില്ല. പിന്നീടാണ് ഷക്കീലയുടെ വീട്ടിലെത്തിയത്.
മകനോടുള്ള സ്നേഹക്കൂടുതലാണ് ഷക്കീലയുടെ വീട്ടിൽ എത്താൻ കാരണം. ആഷിഖ് സുബൈദക്കൊപ്പം താമസിക്കുന്നതിൽ ഷക്കീലയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. ഇരുവർക്കും ഭക്ഷണമെല്ലാം ഷക്കീല തന്നെ തയാറാക്കി നൽകുമായിരുന്നു.
ഇന്നലെ രാവിലെയും ഭക്ഷണം തയാറാക്കി ഡൈനിംഗ് ടേബിളിൽ വച്ചാണ് ഷക്കീല ജോലിക്കു പോയത്. ഇത്തരത്തിൽ ഒരു ക്രൂരകൃത്യം ആഷിഖ് നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും എന്നാൽ മകനെ സൂക്ഷിക്കണമെന്ന് പല തവണ സുബൈദയോട് ഉപദേശിച്ചിരുന്നതായും ഷക്കീല പറയുന്നു.
إرسال تعليق