Join News @ Iritty Whats App Group

ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലവസ്ഥാ ഉടമ്പടിയില്‍ നിന്നും പിന്മാറി അമേരിക്ക: നിരവധി ഉത്തരവുകളില്‍ ഒപ്പുവച്ച് ഡൊണാള്‍ഡ് ട്രംപ്


വാഷിങ്ടണ്‍: സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം അമേരിക്കയുടെയും ലോകത്തിന്റെയും തന്നെ ചരിത്രത്തില്‍ നിര്‍ണായകമാവാനിടയുള്ള നിരവധി ഉത്തരവുകളില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ആറു മണിക്കൂറികം എണ്‍പത് എക്‌സിക്യൂട്ടിവ് ഓര്‍ഡറുകളാണ് ട്രംപ് പുറപ്പെടുവിച്ചത്. ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ തിരുത്തിക്കൊണ്ടുള്ളതായിരുന്നു ഇതില്‍ ഏറെയും. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും പിന്മാറുന്നത് അടക്കമുളള ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവെച്ചത്.

അമേരിക്കയില്‍ ഇനി ആണും പെണ്ണും മാത്രമേ ഉള്ളൂവെന്നും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം ഇല്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും എതിരായ വിവേചനം ഇല്ലാതാക്കുന്നതിന് ബൈഡന്‍ ഭരണകൂടം കൊണ്ടുവന്ന നടപടികള്‍ പിന്‍വലിക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചു. ഭരണകൂടത്തിന് പൂര്‍ണ നിയന്ത്രണവും മേല്‍നോട്ടവും ലഭിക്കുന്നതുവരെ പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റെഗുലേറ്ററി പോസ് നടപ്പാക്കി.

സൈനികര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍ക്കും ഒഴികെയുള്ള എല്ലാ ഫെഡറല്‍ നിയമനങ്ങളും മരവിപ്പിച്ചു. ഫെഡറല്‍ ജീവനക്കാരോട് മുഴുവന്‍ സമയവും ജോലിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു വിലക്കയറ്റം പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ വകുപ്പുകളോടും ഏജന്‍സികളോടും നിര്‍ദ്ദേശം നല്‍കി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാറില്‍ നിന്ന് പിന്മാറാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.

കോവിഡിനെയും മറ്റു ആരോഗ്യ പ്രതിസന്ധികളെയും ആഗോള ആരോഗ്യ ഏജന്‍സി തെറ്റായി കൈകാര്യം ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് ഈ നീക്കമെന്ന് ഉത്തരവില്‍ പറയുന്നു. ദേശീയ സുരക്ഷ പ്രശ്നം കാരണം അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്ന ടിക്ക് ടോക്കിന്റെ നിരോധനം വൈകിപ്പിച്ചു, ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ 75 ദിവസം കൂടി തുടരാന്‍ നിര്‍ദേശിച്ചു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സെന്‍സര്‍ഷിപ്പ് തടയുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാന്‍ സര്‍ക്കാര്‍ വിഭവങ്ങളെ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.

യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുടിയേറ്റം തടയുന്നതു ലക്ഷ്യമിട്ടാണ് നടപടി. അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കി. ഖനനത്തിന് ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. ഫോസില്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ബൈഡന്‍ ഭരണകൂടം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കൊണ്ടുവന്ന ഗ്രീന്‍ പോളിസി റദ്ദാക്കി. ജനുവരെ ആറിലെ കാപിറ്റോള്‍ കലാപത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചു. 1500 ഓളം പേര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതായാണ് ട്രംപ് പ്രഖ്യാപിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group