Join News @ Iritty Whats App Group

മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താല്‍ ; രാധയുടെ സംസ്‌ക്കാരം ഇന്ന് നടക്കും ; കടുവയ്ക്ക് വേണ്ടി തെരച്ചില്‍




മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമിച്ച് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാനന്തവാടി നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍. യുഡിഎഫും എസ്ഡിപിഐയും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ പഞ്ചാരക്കൊല്ലി നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഈ മാസം 27 വരെ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ തുടരും.

നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അതേസമയം ഇന്നലെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. പോസ്റ്റുമാര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ എട്ടു മണിയോടെ വീട്ടിലെത്തിച്ച ശേഷം മീന്‍മുട്ടി താറാട്ട് ഉന്നതി കുടുംബശ്മശനത്തിലാണ് സംസ്‌കാരം.

കടുവയെ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. തിരച്ചില്‍ ഊര്‍ജ്ജതമാക്കിയിരിക്കുകയാണ് വനം വകുപ്പ്. പ്രദേശത്ത് രണ്ടു കൂടുകള്‍ സ്ഥാപിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കടുവ ദൗത്യത്തിനായി ഇന്നെത്തും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് കടുവയെ കൊല്ലാന്‍ ഉത്തരവിറക്കിയത്. കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിച്ച ശേഷമാകും നടപടി..

കെണിവെച്ച് പിടിക്കാനുള്ള സാഹചര്യം ഏതെങ്കിലും വിധത്തില്‍ പരാജയപ്പെട്ടാല്‍ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന് മുന്‍പ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മുന്‍പ് മയക്ക് വെടിവെയ്ക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വെടിവെച്ച് കൊല്ലാന്‍ ഉത്തരവിറക്കിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കള്‍.

Post a Comment

أحدث أقدم
Join Our Whats App Group