Join News @ Iritty Whats App Group

നിറത്തിന്റെ പേരിൽ അവഹേളനം; നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ


മലപ്പുറം: നിറത്തിന്‍റെ പേരിൽ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മറയൂർ കിഴിശ്ശേരി സ്വദേശി അബ്ദുള്‍ വാഹിദ് ആണ് അറസ്റ്റിലായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഗൾഫിൽ നിന്നും ഇയാൾ എത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ജനവരി 14 ന് ആയിരുന്നു കൊണ്ടോട്ടി സ്വദേശിയായ ഷഹാന മുംതാസ് എന്ന 19 കാരിയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അടുക്കളയിൽ പണിയെടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ ഷഹാനയെ കാണാതാവുകയായിരുന്നു. തുടർന്ന് അമ്മ തിരഞ്ഞ് ചെന്നപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയതായി മനസിലായി. ജനലിലൂടെ നോക്കിയപ്പോഴാണ് ഷഹാനയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്. ഉടൻ തന്നെ ബന്ധുക്കളും അയൽക്കാരുമെല്ലാം ചേർന്ന് ഷഹാനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


മകളുടെ മരണത്തിന് പിന്നാലെ ഭർത്താവ് വാഹിദിനും ഇയാളുടെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹാനയുടെ കുടുംബം ഉയർത്തിയത്. നിറത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ഷഹാന കടുത്ത അവഹേളനം നേരിട്ടതായി മാതപിതാക്കൾ പോലീസിന് മൊഴി നൽകി. ഷഹാനക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നുമൊക്കെ പറഞ്ഞായിരുന്നു അവഹേളനമെന്ന് വീട്ടുകാർ പരാതിയിൽ ആരോപിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് 20ാം നാൾ വാഹിദ് ഗൾഫിലേക്ക് മടങ്ങി പോയിരുന്നു. മകനൊപ്പം കുറച്ച് ദിവസങ്ങളല്ലേ കഴിഞ്ഞുള്ളൂവെന്നും ബന്ധം വേർപ്പെടുത്തി പോയിക്കൂടെയെന്നും വാഹിദിന്റെ അമ്മ പെൺകുട്ടിയോട് മുഖത്ത് നോക്കി ചോദിച്ചിരുന്നതായും കുടുംബം പരാതിയിൽ പറഞ്ഞിരുന്നു. വാഹിദ് കുറേ ദിവസങ്ങളോളം ഷഹാനയെ വിളിച്ചിരുന്നില്ലത്രേ. തുടർന്ന് തന്നെ വിളിക്കുമോയെന്ന് അഭ്യർത്ഥിച്ച് നൂറിലധികം മെസേജുകൾ ഷഹാന ഭർത്താവിന് അയച്ചിരുന്നുവെന്നും എന്നാൽ അതിലൊന്നും വാഹിദിന്റെ മനസ് അലിഞ്ഞില്ലെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ഭർത്താവിൽ നിന്നുള്ള അവഹേളനങ്ങൾ പലതും തങ്ങളോട് അവൾ തുറന്ന് പറഞ്ഞിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. ദിവസങ്ങളോളം വാഹിദ് വിളിക്കാതിരുന്നതിന്റെ മനോവിഷമത്തിലാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

അതേസമയം കുടുംബത്തിന്റെ പരാതിയിൽ
ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഭർത്താവ് അബ്ദുൾ വാഹിദിനെതിരെ ചുമത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group