പട്ടാന്പി: പരുതൂർ കുളമുക്കിൽ ക്ഷേത്രാചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു(43)വാണ് മരിച്ചത്.
ബുധനാഴ്ച ക്ഷേത്രച്ചടങ്ങിന്റെ ഭാഗമായ ‘ആട്ടി’നിടെയാണ് (തുള്ളൽ) ഷൈജു കാഞ്ഞിരത്തിന്റെ കായ കഴിച്ചത്. പരുതൂർ പഞ്ചായത്തിലെ കുളമുക്ക് ചോലക്കുളത്തിനു സമീപത്തെ ഷൈജുവിന്റെ കുടുംബക്ഷേത്രത്തിൽ അഞ്ഞൂറിലേറെ ആളുകൾ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം.
ദിവസങ്ങളായി ഇവിടെ കുടുംബക്കാർ ഒത്തുകൂടിയുളള ക്ഷേത്രാചാരമായ ആട്ട് നടത്തുകയായിരുന്നു. ഇതിൽ കോമരമായി ഷൈജുവും പങ്കെടുത്തിരുന്നു. ആചാരത്തിന്റെ ഭാഗമായി ഒരു തളികയിൽ ഫലമൂലാദികൾ നൽകും.
വെളിച്ചപ്പാട് ഇതു കഴിക്കണം. സാധാരണഗതിയിൽ കടിച്ചുതുപ്പുകയാണ് പതിവെങ്കിലും ഷൈജു രണ്ടോ മൂന്നോ കാഞ്ഞിരക്കായ കഴിച്ചെന്നാണു പോലീസ് പറയുന്നത്. കോമരംതുള്ളുന്നതിന്റെ ഭാഗമായി വാളുപയോഗിച്ച് വെട്ടിയ പാടുകളും ഷൈജുവിന്റെ നെറ്റിയിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ക്ഷേത്രത്തിൽനിന്നു വീട്ടിലെത്തിയ ഷൈജുവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് പട്ടാന്പിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ വ്യക്തമാകൂവെന്നു തൃത്താല പോലീസ് പറഞ്ഞു.
إرسال تعليق