Join News @ Iritty Whats App Group

ഇൻ്റർസിറ്റി എക്സ്പ്രസിൽ വടകരയിലേക്ക്, പുതുക്കാട് വെച്ച് ട്രെയിനിൽ നിന്ന് തെന്നി വീണു, യുവാവിന് അത്ഭുത രക്ഷപെടൽ

കോഴിക്കോട്: ട്രെയിനിന്‍റെ ഡോറിന് സമീപത്ത് ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണ വടകര സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. വടകര അഴിയൂര്‍ ചോമ്പാല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം താമസിക്കുന്ന കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (32) ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്ന് സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്ത് നിന്നും നാട്ടിലേക്ക് ഇന്‍റര്‍സിറ്റി എക്‌സ്പ്രസില്‍ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. 

ട്രെയിനില്‍ നല്ല തിരക്കായിരുന്നതിനാല്‍ വാതിലിന് സമീപം ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു വിനായകും സുഹൃത്തുക്കളും. യാത്രക്കിടെ ഇരിങ്ങാലക്കുട പുതുക്കാട് ഭാഗത്ത് എത്തിയപ്പോള്‍ വിനായക് അബദ്ധത്തില്‍ താഴേക്ക് തെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റെങ്കിലും സമീപത്തെ റോഡിലേക്ക് നടന്ന് എത്തി ഒരു ബൈക്കിന് കൈ കാണിച്ച് സമീപത്തെ പുതുക്കാട് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. 

മൊബൈല്‍ ഫോണ്‍ കൈവശമുണ്ടായിരുന്നതിനാല്‍ സുഹൃത്തുക്കളെ ബന്ധപ്പെട്ട് താൻ ആശുപത്രിയിലുണ്ടെന്ന വിവരം അറിയിച്ചു. പിന്നീട് സുഹൃത്തക്കളെത്തി വിനായകിനെ മാഹി ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി. ട്രെയിനിൽ നിന്നുള്ള വീഴ്ചയിൽ ശരീരത്തില്‍ മുറിവുകളും ക്ഷതവും ഏറ്റിട്ടുണ്ടെങ്കിലും ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് വിനായക്.

Post a Comment

أحدث أقدم
Join Our Whats App Group