Join News @ Iritty Whats App Group

പിവി അൻവറിനെതിരെ 'കുരുക്കുമുറുക്കുന്ന' തിരക്കിലുള്ള സർക്കാർ, വന്യജീവി ആക്രമണത്തിലും ശാശ്വത പരിഹാരം കാണണം: അൻവർ



മലപ്പുറം: മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ രംഗത്ത്. പി വി അൻവറിനെതിരെ "കുരുക്കു മുറുക്കുന്ന" തിരക്കിലുള്ള സർക്കാർ, വനം വന്യജീവി വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് ശ്രമിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. 

സർക്കാറിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊണ്ടോ ജയിലിൽ അടച്ചതുകൊണ്ടോ സർക്കാറിനും വനം വകുപ്പിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ ആവില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡി എഫ് ഒ ഓഫീസ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിലടച്ചത് ഓ‍ർപ്പിച്ചുകൊണ്ടാണ് അൻവർ ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. കടുവ ആക്രമണത്തിൽകൊല്ലപ്പെട്ട രാധയ്ക്ക് നിലമ്പൂർ മുൻ എം എൽ എ ആദരാഞ്ജലികളും അർപ്പിച്ചു.



അൻവറിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

സർക്കാർ പി വി അൻവറിനെതിരെ "കുരുക്കു മുറുക്കുന്ന" തിരക്കിലാണ്.
സംസ്ഥാനത്ത് മലയോര മേഖലയാകെ, വന്യജീവി ആക്രമണം കൊണ്ട് പൊതുജനങ്ങളും കർഷകരും പൊറുതിമുട്ടിയിരിക്കുകയാണ്. 
ഇന്നും ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. 
കൊല്ലപ്പെടുന്നവരിൽ ഭൂരിപക്ഷവും സാധാരണക്കാരും, ആദിവാസി വിഭാഗത്തിൽ പെടുന്നവരുമാണ് എന്നുള്ളത് മറ്റൊരു വസ്തുതയാണ്. വനം വന്യജീവി വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് പകരം സർക്കാറിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊണ്ടോ ജയിലിൽ അടച്ചതുകൊണ്ടോ സർക്കാറിനും വനം വകുപ്പിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ ആവില്ല. 
മരണപ്പെട്ട രാധയ്ക്ക് ആദരാഞ്ജലികൾ

Post a Comment

أحدث أقدم
Join Our Whats App Group