സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രൽ പോലീസിലാണ് നടി കഴിഞ്ഞ ദിവസം പരാതി നൽകിയത്. അതേസമയം അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ മൂൻകൂർ ജാമ്യം തേടിയിട്ടുണ്ട്.
രാഹുലിനെതിരെ പരാതി നൽകിയ കാര്യം സമൂഹമാധ്യമത്തിലൂടെയാണ് നടി ഹണി റോസ് വ്യക്തമാക്കിയത്. കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്ക് തള്ളിയിടുകയും ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് നടി തുറന്നടിച്ചത്. തന്നേയും കുടുംബത്തേയും കടുത്ത മാനസിക സംഘർഷത്തിലേക്കാണ് രാഹുൽ തള്ളിവിടുന്നതെന്നും അയാൾ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ലെന്നും നടി കുറിപ്പിൽ പറഞ്ഞു.
'തുടർച്ചയായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ, തൻ്റെ മൗലിക അവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും തനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങൾ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എൻ്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ, അശ്ലീല, ദ്വയാർത്ഥ, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങിനും പ്രധാന കാരണക്കാരൻ താങ്കൾ ആണ്. രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്‌ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ട് പോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും. അത്തരം നടപടികൾ ആണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു', ഹണി വ്യക്താക്കി.
ഹണി റോസിന്റെ വസ്ത്രധാരണമാണ് അവർക്കെതിരായ അശ്ലീല പരാമർശങ്ങൾക്കും അധിക്ഷേപത്തിനും കാരണം എന്നാണ് രാഹൂൽ ഈശ്വർ ആരോപിച്ചത്. ബോചെ പറഞ്ഞ 'തമാശ' പരാമർശത്തിന്റെ പേരിൽ അദ്ദേഹത്തെ ജയിലിൽ അടക്കുന്നത് ശരിയാണോയെന്നും രാഹുൽ ചോദിച്ചിരുന്നു.
അതേസമയം ഹണി റോസ് തനിക്കെതിരെ പരാതിപ്പെടാൻ മാത്രം അവർക്കെതിരെ യാതൊരു ലൈംഗിക അധിക്ഷേപവും താൻ നടത്തിയിട്ടില്ലെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. താനൊരു അഭിഭാഷകനാണെന്നും കോടതി അനുവദിച്ചാൽ തന്റെ കേസ് സ്വയം വാദിക്കുമെന്നും രാഹുൽ പറഞ്ഞു.
إرسال تعليق