Join News @ Iritty Whats App Group

ശബരിമല മകരവിളക്ക്; ഇന്ന് വൈകുന്നേരം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല



പത്തനംതിട്ട: മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രി യാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണമെന്ന് കളക്ടർ അറിയിച്ചു. 

അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ യാത്ര ചെയ്യാം. മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസും വനം വകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് കരുതൽ നടപടിയെന്നും എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

അതേസമയം മകരവിളക്ക് ദ൪ശിക്കാ൯ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്ത൪ക്കായി ദേവസ്വം ബോ൪ഡിന്റെ നേതൃത്വത്തിൽ അന്നദാന വിതരണം നടത്തും. പ്രധാന അന്നദാന മണ്ഡപത്തിൽ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. ഇതിനായി പാണ്ടിത്താവളത്തിൽ രണ്ട് താത്കാലിക അന്നദാന മണ്ഡലപങ്ങൾ സജ്ജമാക്കി. മകരവിളക്ക് ദ൪ശിക്കാനെത്തുന്ന ഭക്ത൪ ഭക്ഷണം പാചകം ചെയ്യുന്നതിന് അടുപ്പ് കൂട്ടരുതെന്ന് ക൪ശന നി൪ദേശമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group