ഇരിട്ടി: ഇരിട്ടി നഗരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന നടത്തി. സീബ്രാ ലൈനിലൂടെ ആളുകൾ നടന്നു പോകുമ്പോൾ അപകടകരമാവും വിധത്തിൽ വാഹനമോടിച്ച 40തോളം ഡ്രൈവർമാർക്കെതിരെ കേസ്സെടുത്തു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇരിട്ടി ജോയിന്റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇരിട്ടി പഴയ ബസ്റ്റാൻഡിലൂടെ ആളുകൾ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോൾ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച 40 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. സീബ്ര ലൈനിലൂടെ ആളുകൾ റോഡ് മുറിച്ച് കടക്കുമ്പോൾ നിശ്ചിത അകലത്തിൽ വാഹനം നിർത്തണം എന്ന നിയമമുണ്ട്. ടൗണുകളിൽ നിശ്ചത വേഗതയിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ. മിക്ക വാഹനങ്ങളും അമിതവേഗതയിൽ വരുന്നതിനാൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ പോലും ഏറെ കാത്തുനില്‌ക്കേണ്ട അവസ്ഥയാണ്.
ഇത് പരിശോധിക്കാനാണ് മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി. ആർ. ഷനിൽകുമാർ, ഡി. കെ. ഷീജി, കെ .കെ. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
إرسال تعليق