Join News @ Iritty Whats App Group

വനനിയമ ഭേദഗതി ജനങ്ങളെ കൊലയ്ക്ക് കൊടുക്കാന്‍ ; മന്ത്രിമാര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ മൗനമെന്ന് പി.വി.അന്‍വര്‍



കോഴിക്കോട്: നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷന്‍ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ വന്യജീവി ആക്രമണം രാഷ്ട്രീയ വിഷയമാക്കി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പി.വി. അന്‍വര്‍. വനനിയമ ഭേദഗതിയ്ക്ക് എതിരേ ശക്തമായ സമരം നടത്തുമെന്നും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വനനിയമഭേദഗതിയുടെ ഗുരുതരാവസ്ഥ അറിയാനിരിക്കുന്നതേയുള്ളെന്നും സെക്രട്ടേറിയേറ്റില്‍ പുലി വരുന്ന സാഹചര്യം ഉണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വനനിയമഭേദഗതി വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പുതിയ ബില്‍ മനുഷ്യരെ കൊലയ്ക്ക് കൊടുക്കുന്നതും വന്യമൃഗങ്ങളെ നാട്ടിലേക്ക് ആകര്‍ഷിക്കുന്നതാണ്. നാട്ടില്‍ വന്യജീവി ആക്രമണം ഒരു സാധാരണ കാര്യമായി മാറുകയാണ്. ഒവാലി പഞ്ചായത്തില്‍ നിന്നും അനേകരാണ് വീടുപേക്ഷിച്ചു രക്ഷപ്പെട്ടത്. ജനങ്ങള്‍ കാട്ടില്‍പോയി വീടുവെച്ചതല്ല. റവന്യൂ കൈമാറിയിടത്താണ് വീടുവെച്ചത്. അവിടെ കാട് വന്നതാണ്. കാര്‍ബണ്‍ ബില്‍ ജനങ്ങള്‍ക്ക് നല്‍കണമെന്നും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു. വനനിയമ ഭേദഗതിയില്‍ പുഴകഴെ കൂടി ഉള്‍പ്പെടുത്താന്‍ പോകുകയാണ്. ഇത് കൂടുതല്‍ ഗുരുതരാവസ്ഥ ഉണ്ടാക്കും. പുഴകളെ വനത്തിന്റെ ഭാഗമാക്കിയാല്‍ പല കുടിവെള്ള സ്രോതസ്സും ഉപയോഗിക്കാന്‍ കഴിയാതാകും. ആള്‍ക്കാര്‍ക്ക് ശുദ്ധജലം പോലും കിട്ടാതാകുമെന്നും വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങളില്‍ മന്ത്രിമാര്‍ക്ക് മൗനമാണെന്നും വിമര്‍ശിച്ചു.

വനംമന്ത്രി ശശീന്ദ്രനെയും മന്ത്രി റോഷി അഗസ്റ്റിനെയും ലക്ഷ്യമിട്ട അന്‍വര്‍ വനംമന്ത്രി വെറുതേയിരിക്കുകയാണെന്നും അദ്ദേഹത്തിന് എന്താണ് പണിയെന്നും ചോദിച്ചു. മലയോരകര്‍ഷകരുടെ രക്ഷകനായ മന്ത്രിയായ റോഷി അഗസ്റ്റിന്‍ എന്താണ് മിണ്ടാത്തതെന്നും ചോദിച്ചു. സിപിഐ മന്ത്രിമാര്‍ എന്താണ് മിണ്ടാത്തതെന്നും ചോദിച്ചു. വനം മന്ത്രിയെ മാറ്റാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. സമരം യുഡിഎഫ് ഏറ്റെടുക്കണമെന്നും അതിനായി യുഡിഎഫ് നേതാക്കളെയും പ്രതിപക്ഷ നേതാവിനെയും കാണുമെന്നും അവരോട് നന്ദി പറയേണ്ട ബാദ്ധ്യതയുണ്ടെന്നും പറഞ്ഞു.

യുഡിഎഫ് പ്രവേശനത്തിന്റെ മുന്നോടിയെന്ന നിലയില്‍ ഇന്ന് അന്‍വര്‍ മുസ്‌ളീംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ന് പാണക്കാട്ടേക്ക് പോകുന്ന അദ്ദേഹം സാദിഖലി തങ്ങളുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. യുഡിഎഫ് നേതാക്കളെ കാണുമെന്നും അവര്‍ക്ക് നന്ദി പറയേണ്ട ബാധ്യതയുണ്ടെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി. നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷന്‍ ഓഫീസ് അടിച്ചു തകര്‍ത്തതിന് കഴിഞ്ഞ ദിവസം അന്‍വറേയും ഏതാനും ഡിഎംകെ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരുന്നു. കേസില്‍ പിന്നീട് നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group