ചെറുപുഴ: ഒരു പായയിൽ മാത്രമായി ജീവിതം ചുരുങ്ങേണ്ടി വന്ന കണ്ണൂർ ചെറുപുഴയിലെ അമ്മൂസിന് വീടൊരുക്കി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദിൻറെ നേതൃത്വത്തിലുളള അദീബ് ആൻറ് ഷെഫീന ഫൗണ്ടേഷൻ. സെറിബ്രൽ പാൾസി രോഗം ബാധിച്ച മകളുമായി വാടകവീട്ടിൽ ദുരിത ജീവിതത്തിലായിരുന്നു.
പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അമ്മൂസിനെ, വെളിച്ചമുളള ഒരു മുറിയിൽ ഇരുത്തണമെന്ന ആഗ്രഹം മാത്രമായിരുന്നു സുഷമ അന്ന് പങ്കുവച്ചത്. അത് യാഥാർത്ഥ്യമാവുകയാണ്. സെറിബ്രൽ പാൾസി ബാധിച്ച മകളുമായി വാടക വീട്ടിൽ കഴിഞ്ഞ അമ്മൂസിന് ചെറുപുഴയിൽ തന്നെ ഇനി പുതിയ വീടിന്‍റെ തണൽ തയ്യാറായിരിക്കുകയാണ്. വീൽ ചെയറിൽ ഇരുത്തി അൽപമൊന്ന് നീങ്ങാൻ പോലും ഇടമില്ലാത്ത വാടകവീട്ടിൽ നിന്ന് സ്വന്തം വീടെന്ന സ്വപ്നത്തിലേക്കാണ് അമ്മൂസ് എത്തുന്നത്. സങ്കടങ്ങൾക്ക് മാത്രം ഇടമുള്ള മുറികളുള്ള വീട്ടിൽ നിന്നാണ് വീടിന്റെ തണലിലേക്ക് കുടുംബം എത്തുന്നത്. അമ്മൂസിന് വീട്ടിലേക്ക് പുറത്തേക്ക് ഇറങ്ങാനുള്ള സംവിധാനം അടക്കമാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. അമ്മൂസിന്റെ പേര് തന്നെയാണ് വീടിന് നൽകിയിരുന്നത്. അക്ഷര ഭവനിൽ പേരക്കുട്ടി വീഴുമോയെന്ന ആശങ്ക ഇനിയില്ലെന്നാണ് മുത്തശ്ശി പ്രതികരിക്കുന്നത്. ഇവരുടെ കടബാധ്യത കൂടി ഏറ്റെടുക്കാമെന്ന് അദീബ് ആന്‍റ് ഷെഫീന ഫൗണ്ടേഷൻ അറിയിച്ചിട്ടുണ്ട്. ആരും ഇറക്കി വിടുമെന്ന ഭീതിയില്ലാതെ സ്വന്തം വീട്ടിൽ കഴിയുമെന്നത് ഏറെ ആശ്വാസമെന്നാണ് സുഷമയും പറയുന്നത്.
ദിവസം പത്ത് തവണയെങ്കിലും അപസ്മാര ബാധിതയായി നിലത്ത് വീഴുന്ന അമ്മൂസിന്റെ ശരീരത്തിലെല്ലാം മുറിവിന്റെ പാടുകളുണ്ടായിരുന്നു. വീഴ്ചയ്ക്കിടെ പരിക്കേറ്റ് തുന്നലിട്ട അടയാളങ്ങൾ മുഖത്ത് അടക്കമുണ്ടായിരുന്നു. സുഷമയുടെ ഭർത്താവ് മരപ്പണിക്കിടെ പരിക്കേറ്റ് കിടപ്പായിരുന്നു. വീട് പോറ്റാൻ സുഷമ അടുത്തുള്ള സ്കൂളിൽ പാചകത്തിന് പോകുമായിരുന്നു. അമ്മൂസിന് അപ്പോൾ അമ്മൂമ്മയായിരുന്നു കൂട്ടിനുണ്ടായിരുന്നത്.
സ്കൂൾ അടച്ചതോടെ ഏക വരുമാനം നിന്നു. മകളുടെ ചികിത്സയ്ക്ക് എടുത്ത ലക്ഷങ്ങളുടെ കടവും പാതിയിൽ നിർമാണം നിലച്ച ലൈഫ് വീടുമായി ഇരുട്ടിലാണ് സുഷമ കഴിഞ്ഞിരുന്നത്. 17 ലക്ഷത്തോളം രൂപയാണ് അമ്മൂസിനെ ചികിത്സിക്കാൻ ചെലവാക്കിയത്. സുമനസുകളാണ് സ്ഥലം വാങ്ങി വീടുപണി തുടങ്ങിയത്. അത് പാതിവഴിയിൽ നിലച്ചുപോയിരുന്നു ഈ വീടാണ് പണി പൂർത്തിയായിരിക്കുന്നത്.
إرسال تعليق