കൊച്ചി: ഗിന്നസ് റെക്കോർഡ് പരിപാടിക്കായി ഉപയോഗിച്ചതിന് പിന്നാലെ മോശമായ പിച്ച് മത്സരത്തിനായ സജ്ജമാക്കാനുളള ശ്രമം ഊർജ്ജിതമാക്കി കേരള ബ്ലാസ്റ്റേഴ്സ്. നാളെ ഒഡിഷ എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം. നൃത്തപരിപാടിക്കായി പതിനായിരത്തോളം പേർ കയറിയതും വാഹനമെത്തിയതുമാണ് പിച്ച് മോശമാകാൻ കാരണം. നൃത്ത പരിപാടി നടത്തിപ്പിന് കേരള ബ്ലാസ്റ്റേഴ്സ് അനുവാദം നൽകിയിരുന്നെങ്കിലും മത്സരം നടക്കുന്നയിടം സുരക്ഷിതമാകണമെന്നായിരുന്നു നിബന്ധന. മത്സരത്തിനു മുൻപ് സ്റ്റേഡിയം സജ്ജമാക്കി മത്സരത്തിനായി സൂപ്പർ ലീഗ് അധികൃതർക്ക് നൽകാനുള്ള ഒരുക്കത്തിലാണ് ക്ലബ്. ഫിഫ മാനദണ്ഡപ്രകാരമുളള മത്സരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലും നടക്കുന്നത്.
കലൂർ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇന്‍റർനാഷണൽ ഇവന്‍റ്സ് ഉടമയായ പി എസ് ജിനീഷ് കുമാർ കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ ദിവസവും തൃശ്ശൂരിൽ നിന്നാണ് ജിനീഷിനെ പിടികൂടിയത്. ഉമാ തോമസിന് പരിക്കേൽക്കാനിടയായ കൊച്ചിയിലെ നൃത്ത പരിപാടിയുടെ സംഘാടനത്തിൽ സർവത്ര തരികിടയെന്നാണ് സിറ്റി പൊലീസ് പറയുന്നത്. സ്റ്റേഡിയം ജിസിഡിഎയിൽ നിന്ന് വാടകയ്ക്ക് എടുക്കാൻ അപേക്ഷ നൽകിയതും കരാർ ഒപ്പിട്ടതും ഒന്നാം പ്രതിയും മൃദംഗ വിഷൻ എംഡിയുമായ നിഗോഷ് കുമാറാണ്.
എന്നാൽ അനുമതി പത്രം അടക്കം കൈപ്പറ്റിയത് ഇവന്‍റ് മാനേജ്മെന്‍റ് ചുമതലയുണ്ടായിരുന്ന കൃഷ്ണകുമാറും. എന്നാൽ മൃദംഗവിഷനും കൃഷ്ണകുമാറിന്‍റെ സ്ഥാപനവും തമ്മിൽ യാതൊരു കരാറുമില്ല. 24 ലക്ഷം ഇയാൾക്ക് നൽകി എന്നാണ് നിഗോഷ് കുമാറിന്‍റെ മൊഴി. അതായത് സംഘടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളെ ഏൽപ്പിച്ചെങ്കിലും യാതൊരു ഔദ്യോഗിക രേഖകളുമില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരിപാടിയുടെ വിശ്വാസ്യത പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ 12000 നർത്തകരെ കൊച്ചിയിലെത്തിച്ചതിന് നൃത്താധ്യാപകർക്കുളള കമ്മീഷൻ തുക ഉടൻ നൽകുമെന്ന് മൃദംഗവിഷൻ വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ അറിയിച്ചിട്ടുണ്ട്. തലയൊന്നിന് 900 രൂപ എന്നതായിരുന്നു. കമ്മീഷൻ.
إرسال تعليق