Join News @ Iritty Whats App Group

അമേരിക്കയില്‍ ജന്മാവകാശ പൗരത്വം: പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഉത്തരവിന് തന്നെ കോടതിയുടെ സ്‌റ്റേ




ന്യൂയോര്‍ക്ക്: ഭരണത്തിലേറി ആദ്യമിട്ട ഉത്തരവില്‍ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ വന്നു. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പുതിയ ഉത്തരവ് പ്രകാരം പൗരത്വം ലഭിക്കാന്‍ സാഹചര്യം ഉണ്ടാകുമായിരുന്നുള്ളൂ. എന്നാല്‍ അമേരിക്കന്‍ മണ്ണില്‍ ജനിച്ചവര്‍ക്കെല്ലാം പൗരത്വം ജന്മാവകാശമായി കിട്ടുന്നതായിരുന്നു നില നിന്നിരുന്ന നിയമം. ട്രംപിന്റെ പുതിയ നിയമം ഭരണഘടനാലംഘനം ആണെന്നായിരുന്നു കണ്ടെത്തല്‍.

അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്ന ഉത്തരവിലായിരുന്നു ട്രംപ് ഒപ്പുവെച്ചത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ഇത് ബാധിക്കുമായിരുന്നു. നിയമം ഫെബ്രുവരി 20 ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് കോടതിയുടെ സ്‌റ്റേ വന്നിരിക്കുന്നത്.

ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘനടകളും കോടതികളെ സമീപിക്കുകയായിരുന്നു. അതേസമയം വ്യാഴാഴ്ച പുറത്തുവന്ന സ്റ്റേ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ പുതിയ ഉത്തരവ് വലിയ വിമര്‍ശനത്തിന് കാരണമായി മാറിയിരുന്നു. വര്‍ഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കുമെന്നായിരുന്നു കണക്ക്.

Post a Comment

أحدث أقدم
Join Our Whats App Group