Join News @ Iritty Whats App Group

ആദ്യ എച്ച്എംപിവി കേസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, ആശുപത്രി ക്രമീകരണങ്ങൾക്കും ആരോഗ്യ മന്ത്രാലയം നിർദേശം


ദില്ലി : രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദേശിച്ചു. കർണ്ണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പർക്കത്തിലെന്നും മന്ത്രാലയം അറിയിച്ചു. 

രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് എച്ച് എം പിവി ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്ര വ്യാപകമായി പടർന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകുക. 



ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കുമെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ മരണ കാരണമാകാം. ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല. 
ലക്ഷണങ്ങൾ 

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.

ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി ) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.

കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10% മുതൽ 12% വരെ എച്ച്എംപിവി മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. 5% മുതൽ 16% വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. എച്ച്എംപിവി ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ രോ​ഗം പടരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group