തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്നും വന്യജീവി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് അവര്‍ ഉറപ്പു നല്‍കിയതായും പി.വി. അന്‍വര്‍. രാജിക്കത്ത് ശനിയാഴ്ച തന്നെ ഇ മെയില്‍ വഴി സ്പീക്കര്‍ക്ക് അയച്ചതാണെന്നും ഇനി പിണറായിസത്തിനെതിരേയുള്ള രണ്ടാംഘട്ട പോരാട്ടം തുടങ്ങിയതായും അന്‍വര്‍ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിന് നിലമ്പൂരില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തനിക്ക് പകരം മലയോര വിഷയങ്ങളില്‍ നന്നായി അറിയുകയും ഇടപെടുകയും ചെയ്യുന്ന വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ താന്‍ യുഡിഎഫിനെ നിരുപാധികം പിന്തുണയ്ക്കും. അവിടെ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പിണറായിസത്തിന്റെ അവസാന ആണിയായിരിക്കുമെന്നും പറഞ്ഞു.
മമതാബാനര്‍ജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്നും കൊല്‍ക്കത്തയിലെത്തി മമതാബാനര്‍ജിയുമായി വീഡിയോ കോണ്‍ഫറണ്‍സ് വഴി കൂടിക്കാഴ്ച നടത്തിയതായും അന്‍വര്‍ പറഞ്ഞു. വന്യജീവി ആക്രമണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായും പറഞ്ഞു.
വന്യജീവി ആക്രമണം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് ടിഎംസി നേതാക്കള്‍ ഉറപ്പു നല്‍കി. എംഎല്‍എ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങാന്‍ മമത തന്നോട് പറഞ്ഞതായും പി.വി. അന്‍വര്‍ വ്യക്തമാക്കി. ഇത് പോരാട്ടത്തിന്റെ അടുത്ത ഘട്ടമാണെന്നും വന്യജീവി ആക്രമണം വലിയ വിഷയമാണെന്നും പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കേണ്ടതുണ്ടെന്നും തന്റെ പോരാട്ടം പിണറായിസത്തിനെതിരേയാണെന്നും പറഞ്ഞു.
സതീശനെതിരേ താന്‍ അഴിമതിയാരോപണം നടത്തിയത് പി. ശശി പറഞ്ഞിട്ടായിരുന്നെന്നും ഒരുപാട് പാപഭാരങ്ങള്‍ ചുമന്നയാളാണ് താനെന്നും അക്കാര്യത്തില്‍ വി.ഡി. സതീശനുണ്ടായ മാനഹാനിക്ക് നിരുപാധികം മാപ്പ് ചോദിക്കുന്നതായും പറഞ്ഞു. പി. ശശിക്കും പോലീസിനുമെതിരേ ആരോപണം ഉന്നയിച്ചത്ഉന്നത നേതാക്കള്‍ പറഞ്ഞിട്ട് ആയിരുന്നെന്നും അതാരാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പറഞ്ഞാല്‍ കേരളം ഞെട്ടുമെന്നും പിന്നീട് വിളിച്ചിട്ട് ഈ നേതാക്കള്‍ ഫോണെടുത്തില്ലെന്നും പറഞ്ഞു.
മലയോര വനമേഖലയിലെ ജനങ്ങള്‍ക്കു വേണ്ടി പിറണായിസത്തിന് എതിരേയുള്ള പോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്നും പറഞ്ഞു. രാജി വ്യക്തിപരമായ കാരണത്താലാണെന്നും ഇ മെയില്‍ വഴി ശനിയാഴ്ച തന്നെ രാജിക്കത്ത് അയച്ചിരുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും പറഞ്ഞ അന്‍വര്‍ ആരാടന്‍ ഷൗക്കത്തിനെ രൂക്ഷമായി പരിഹസിച്ചു. അദ്ദേഹം സാംസ്ക്കാരിക സിനിമാ പ്രവര്‍ത്തകനെന്നും അദ്ദേഹത്തെ കണ്ടിട്ട് ഒരുപാടു കാലമായെന്നും കല്യാണത്തിന് പോലും കാണാറില്ലെന്നും പറഞ്ഞു.
കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കേയാണ് അന്‍വര്‍ രാജി പ്രഖ്യാപിച്ചത്. അയോഗ്യതാ പ്രതിസന്ധി പരിഹരിക്കാനാണ് രാജിയെന്നാണ് സൂചന.
إرسال تعليق