Join News @ Iritty Whats App Group

ഒടുവിൽ കേന്ദ്രം പച്ചക്കൊടി വീശി, കേരളത്തിലെ ഈ പഴയ വാഹനങ്ങൾ ഉടൻ ആക്രിയാകും! ഇതാ അറിയേണ്ടതെല്ലാം




സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയവാഹനങ്ങള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേയ്സ് (ജെം) വഴി വില്‍ക്കാന്‍ സംസ്ഥാന സർക്കാരിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോർട്ട്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര തീരുമാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മൂവായിരത്തിലധികം സര്‍ക്കാർ വാഹനങ്ങള്‍ നേരത്തെ ഒഴിവാക്കിയിരുന്നു.

എന്നാൽ സംസ്ഥാനത്ത് അംഗീകൃത വാഹനപൊളിക്കൽ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ ഇതുവരെ പൊളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥാപനങ്ങള്‍ എന്നുതുടങ്ങും എന്നതിലും ധാരണയായിട്ടില്ല. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള രേഖ ലഭിക്കാത്തതിനാല്‍ ആക്രിവില്‍പ്പനക്കാര്‍ക്ക് സര്‍ക്കാര്‍ വാഹനങ്ങൾ വില്‍ക്കാൻ സാധിക്കില്ല. രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനാല്‍ സ്വകാര്യ ഉപയോഗത്തിനും ഇവ കൈമാറാൻ സാധിക്കില്ല. വിവിധ ഓഫീസ് വളപ്പുകളില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന ഇത്തരം വാഹനങ്ങള്‍ നശിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പിന്‍വലിച്ച സര്‍ക്കാര്‍ വാഹനങ്ങള്‍ കൃത്യമായി ലേലം നടത്താത്തതിനാല്‍ നഷ്‍ടം ഉണ്ടാക്കുന്നതായി എ ജി കണ്ടെത്തിയിരുന്നു.

പല സംസ്ഥാനങ്ങളിലും വാഹനപൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജെം വഴി ഇ-ലേലത്തിന് വച്ചാല്‍ ഇവർക്ക് ഈ വാഹനങ്ങൾ വാങ്ങാൻ സാധിക്കും. അതേസമയം ലേലത്തിന് മുമ്പുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ വാഹനങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം അസിസ്റ്റൻ്റ് വെഹിക്കിൾ ഇൻസ്‌പെക്‌ടർമാർക്ക് സംസ്ഥാന സർക്കാർ നേരത്തെ നൽകിയിരുന്നു.

2021 ഓഗസ്റ്റിലാണ് പഴയ വാഹനങ്ങള്‍ പൊളിക്കാനായി കേന്ദ്രസര്‍ക്കാര്‍ ദേശീയ വാഹനം പൊളിക്കല്‍ നയത്തിന് (നാഷണല്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി) രൂപം നല്‍കിയത്. ഈ നയമനുസരിച്ച് യാത്രാവാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി. ഇതിന് ശേഷം ഫിറ്റ്‌നെസ് പരീക്ഷയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. മാത്രവുമല്ല ഈ കാലാവധി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ചാര്‍ജും വന്‍തോതില്‍ വര്‍ധിക്കും. വാഹനം പൊളിക്കുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ ഇളവുകള്‍ അനുവദിക്കാനും വ്യവസ്ഥയുണ്ട്. ഇത്തരം വാഹന ഉടമകൾക്ക് സംസ്ഥാനങ്ങള്‍ റോഡ് ടാക്സ് ഇനത്തില്‍ 25 ശതമാനം ഇളവ് അനുവദിക്കണമെന്നും വെഹിക്കിൾ സ്‍ക്രാപ്പേജ് പോളിസി പറയുന്നു. 

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊളിക്കല്‍ നയം ബാധകമാണ്. അതായത് പതിനഞ്ച് വര്‍ഷം ഉപയോഗിച്ച വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളും പൊളിക്കാന്‍ കൊടുക്കണം. എത്ര സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനുണ്ടെന്ന് പരിശോധിക്കാനും അവയുടെ വില നിശ്ചയിക്കാനുമാണ് നേരത്തെ മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിനൊപ്പം വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ്-ഫോറസ്റ്റ് സ്‌റ്റേഷനുകളിലും ദീര്‍ഘകാലമായി കിടക്കുന്ന വാഹനങ്ങളും അവകാശികളില്ലാത്തവയും വില നിശ്ചയിച്ച് പൊളിക്കാനാണ് ധാരണ. സംസ്ഥാനത്ത് പതിനയ്യായിരത്തോളം വാഹനങ്ങള്‍ ഇത്തരത്തിലുണ്ടാകുമെന്നാണ് കണക്ക്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള 8000 വാഹനങ്ങളും 15 വർഷമായി ഉപയോഗിച്ചതിന് ശേഷം സർക്കാർ ഉപേക്ഷിച്ച 2000 വാഹനങ്ങളും ഉപേക്ഷിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. കെ.എസ്.ആര്‍.സിയുടെ 4,714 ബസുകളും ആരോഗ്യ വകുപ്പിലെ 868 വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിലെ 68 വാഹനങ്ങളും ഇവയൽപ്പെടുമെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. 

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനിർദേശ പ്രകാരം വാഹനം പൊളിക്കൽകേന്ദ്രങ്ങൾ തുടങ്ങാൻ​ ഉടൻ ടെൻഡർ വിളിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്​കുമാർ നിയമസഭയിൽ കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പകരമായി കേന്ദ്രധനസഹായമായി 150 കോടി രൂപ ലഭിക്കാനുണ്ട്. ഈ തുക ലഭിക്കാൻ പൊളിക്കൽ കേന്ദ്രത്തിന്‍റെ സാക്ഷ്യപത്രം വേണം. ഇതിനാണ് നടപടികൾ വേഗത്തിലാക്കുന്നതെന്നും​ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

കാലപ്പഴക്കം ചെന്ന വണ്ടികള്‍ പൊളിക്കാനുള്ള കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ വരുന്നുണ്ട്. മൂന്ന് മേഖലകളിലായി മൂന്ന് പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് തീരുമാനം. തെക്കന്‍ മേഖലയിലേത് തിരുവനന്തപുരത്ത് വരും എന്നാണ് റിപ്പോർട്ടുകൾ. മധ്യ, വടക്കന്‍ മേഖലകളില്‍ പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടി ഉടനുണ്ടാകുമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.


വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല്‍ കേന്ദ്രം സജ്ജമാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് പകരം റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള ബ്രെത്ത്‌വെയിറ്റ് ആന്‍ഡ് കോ ലിമിറ്റഡുമായി ചേര്‍ന്നാണ് തിരുവനന്തപുരത്ത് പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നത്. ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ബ്രത്ത്‌വെയിറ്റിന് കൈമാറും. ഇവിടെ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതഭാഗം കെ.എസ്.ആര്‍.ടി.സിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ.

Post a Comment

أحدث أقدم
Join Our Whats App Group