Join News @ Iritty Whats App Group

ഗ്രീഷ്മക്ക് വധശിക്ഷ; ജഡ്ജിയുടെ കട്ട്ഔട്ടിൽ പാലഭിഷേകം നടത്താൻ ശ്രമം, കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞു


തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്. സെക്രട്ടറിയേറ്റിന് മുന്നിലാണ് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകർ പാലഭിഷേകത്തിന് എത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന ഫ്ലെക്സ് പൊലീസ് പിടിച്ചെടുത്തു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ എം ബഷീറാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. നേരത്തെ കാക്കനാട് ജയിലിന് മുന്നിൽ പടക്കം പൊട്ടിച്ച് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത് ആഘോഷിക്കാനെത്തിയപ്പോഴും പൊലീസ് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞിരുന്നു. 

പാറശ്ശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി തൂക്കുകയർ വിധിക്കുകയായിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് വിലയിരുത്തിയാണ് ഗ്രീഷ്മക്ക് ജ‍ഡ്ജി എ എം ബഷീർ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യത്തെളിവുകളുണ്ടെന്ന് 586 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. ഗ്രീഷ്‌മയ്ക്ക് തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷവും, അന്വേഷണത്തെ വഴിതിരിച്ചുവിട്ടതിന് അഞ്ച് വര്‍ഷവും തടവുശിക്ഷ കോടതി വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാറിന് മൂന്ന് വര്‍ഷം തടവുശിക്ഷയും വിധിച്ചു. 


കേരളത്തില്‍ 2 വനിതാ തടവുകാർ അടക്കം 39 പേരാണ് നിലവില്‍ വധശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുന്നത്. ഗ്രീഷ്മ കൂടി പട്ടികയില്‍ ഇടംപിടിച്ചതോടെ വധശിക്ഷ ലഭിച്ച് ജയിലിലുള്ള വനിതാ കുറ്റവാളികളുടെ എണ്ണം രണ്ടായി. 34 കൊല്ലം മുന്‍പ് 1991ല്‍ കണ്ണൂരിലാണ് സംസ്ഥാനത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

Post a Comment

أحدث أقدم
Join Our Whats App Group