Join News @ Iritty Whats App Group

മൊബൈല്‍ പിടിച്ചെടുത്തതിന് പ്രധാന അധ്യാപകനുനേരേ വധഭീഷണി ; ദേഷ്യത്തില്‍ പറഞ്ഞു പോയതാണ് മാപ്പു നല്‍കണമെന്ന് വിദ്യാര്‍ത്ഥി


പാലക്കാട്: തൃത്താലയില്‍ സ്‌കൂളില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന്റെ പേരില്‍ അധ്യാപകനുനേരേ വധഭീഷണി ഉയര്‍ത്തിയ വിദ്യാര്‍ഥിക്കു കൗണ്‍സിലിങ് നല്‍കും. പിഴവ് പറ്റിയതാണെന്നും മാപ്പുനല്‍കണമെന്നും വിദ്യാര്‍ഥി അധ്യാപകനോടു പറഞ്ഞു.

കേസുമായി ഇനി മുന്നോട്ട് പോകേണ്ടെന്ന് അധ്യാപകരും തീരുമാനിച്ചു. കുട്ടിക്കു കൗണ്‍സിലിങ് നല്‍കാനും അടുത്ത ദിവസം മുതല്‍ ക്ലാസില്‍ വരാന്‍ സൗകര്യമൊരുക്കാനും തീരുമാനമായി. തൃത്താല പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. സംഭവത്തെക്കുറിച്ചു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, പ്രിന്‍സിപ്പലിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും വിശദീകരണം തേടി. രക്ഷിതാവിനെ കാണിക്കാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ചോര്‍ന്നതിനെക്കുറിച്ച് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തൃത്താല പോലീസിന്് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ ശിശു വികസന വകുപ്പിനു റിപ്പോര്‍ട്ട് നല്‍കും.

സംസ്ഥാന ബാലാവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അടുത്ത ആറിനു കമ്മിഷന്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. കുട്ടിയെ തിരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ വീഡിയോ പ്രചരിപ്പിച്ചതില്‍ അധ്യാപകര്‍ക്കോ സ്ഥാപനത്തിനോ ബന്ധമില്ല. കുട്ടിയെ ക്രിമിനല്‍ ആക്കാനില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തൃത്താല പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് കുട്ടി പിഴവു തുറന്നുപറഞ്ഞത്.

ഫോണ്‍ വാങ്ങിവച്ച് വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞു പോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പുപറയാന്‍ തയ്യാറാണെന്നുമാണ് വിദ്യാര്‍ഥി പോലീസിനെ അറിയിച്ചത്. കഴിഞ്ഞ 17നായിരുന്നു സംഭവം നടന്നത്. സ്‌കൂളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചതിനാലാണ് അധ്യാപകര്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പിടിച്ചെടുത്തത്.

Post a Comment

أحدث أقدم
Join Our Whats App Group