തിരുവനന്തപുരം: മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടി ഗ്രീഷ്മ കാമുകനെ കൊലപ്പെടുത്തുകയായിരുന്നെന്നു സാഹചര്യത്തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍ തെളിയിച്ചു. അന്ന് റൂറല്‍ എസ്.പിയായിരുന്ന ഡി. ശില്‍പ പ്രത്യേക അനേ്വഷണ സംഘത്തെ നിയോഗിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഷാരോണ്‍ രാജ് മരിക്കും മുമ്പ് തന്നെ കുടുംബത്തിനു സംശയം തോന്നിയിരുന്നു. ഇത് പോലീസിനേയും അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ എല്ലാം അട്ടിമറിക്കപ്പെട്ടു. പക്ഷേ ഡി. ശില്‍പയുടെ ഇടപെടല്‍ കേസിനെ മാറ്റിമറിച്ചു. റൂറല്‍ എസ്.പിക്കു കീഴിലെ ക്രൈം ബ്രാഞ്ച് കേസില്‍ അനേ്വഷണം ഏറ്റെടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഡിവൈ.എസ്.പി: ജോണ്‍സണ്‍ന്റെ നേതൃത്വത്തില്‍ കുറ്റകൃത്യം തെളിയിച്ചു. കൂട്ടായ പരിശ്രമമാണ് ഇതിന് വേണ്ടി തിരുവനന്തപുരം റൂറല്‍ പോലീസ് നടത്തിയത്. പോലീസിന്റെ അനേ്വഷണ മികവിനെ കോടതിയും പ്രശംസിച്ചു. കാലത്തിനൊത്ത അനേ്വഷണം പോലീസ് നടത്തിയെന്നാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയുടെ നിരീക്ഷണം.
2022 ഒക്‌ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ പാറശ്ശാലയ്ക്കടുത്തുള്ള രാമവര്‍മന്‍ ചിറയിലെ വീട്ടിലെത്തിയത്. ഇവിടെവച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കിയെന്നാണു കേസ്. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു.ഛര്‍ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു. ഇതിനിടെ പലപ്പോഴും എന്താണ് ഷാരോണ്‍ കുടിച്ചതെന്ന് ചോദിച്ചിട്ടും ഗ്രീഷ്മ പറഞ്ഞില്ല. ഷാരോണിന്റെ സഹോദരന്‍ വാട്‌സ്ആപ്പില്‍ അടക്കം പലവിധ സംശയങ്ങളുര്‍ത്തി. എന്നാല്‍ ഇതിനോടൊന്നും ഗ്രീഷ്മ വസ്തുതാപരമായി പ്രതികരിച്ചിരുന്നില്ല. ഇത് ഒരു കാരണവശാലും ഷാരോണ്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനോട് ഗ്രീഷ്മയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു എന്നതിനു തെളിവായി.
കോളജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്‌ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.
വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല.
إرسال تعليق