ഇരിട്ടി: ഉളിയില്‍ പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഉളിക്കല്‍ കാലാങ്കി സ്വദേശികളായ ബെന്നിയുടെ ഭാര്യ ബീന, ബെന്നിയുടെ സഹോദരി പുത്രൻ ലിജോ എന്നിവരാണ് മരിച്ചത്.
ഈ മാസം 18ന് നടക്കുന്ന ബീന -ബെന്നി ദമ്ബതികളുടെ മകന്റെ വിവാഹത്തിന് സാധനങ്ങള്‍ വാങ്ങാൻ എറണാകുളത്ത് പോയി വരികയായിരുന്നു കുടുംബം. ഗുരുതരപരിക്കേറ്റ ബെന്നിയെയും മകനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരിട്ടി -മട്ടന്നൂർ റൂട്ടില്‍ ഉളിയില്‍ പാലത്തിന് സമീപം ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഇരിട്ടിയില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന 'ലക്ഷ്യ' ബസ് ഉളിയില്‍ പാലത്തിനടുത്ത സ്റ്റോപ്പില്‍ നിർത്തി ആളെ കയറ്റുന്നതിനിടെ മട്ടന്നൂർ ഭാഗത്തുനിന്ന് എതിരെ വന്ന കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കെ.എ. 19എം.എൻ 8215 എന്ന കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തില്‍പെട്ടത്.
ബസ് ഡ്രൈവറുടെ ഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കാർ പൂർണമായും തകർന്നു. ഇതിനകത്തുകുടുങ്ങിയവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ പടിക്കച്ചാല്‍ വഴി തിരിച്ചു വിട്ടു.
إرسال تعليق