കൊച്ചി : സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ (എസ്.എല്‍.ബി.സി.) കഴിഞ്ഞാഴ്ചത്തെ കണക്കുപ്രകാരം കേരളത്തില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വാങ്ങിയവരില്‍ 60,687 പേര്‍ അനര്‍ഹര്‍. നികുതിദായകര്‍ ഉള്‍പ്പെടെയാണ് അനര്‍ഹമായി പണം കൈപ്പറ്റിയത്. 36.40 കോടി രൂപയാണു ഇവര്‍ക്കായി നല്‍കിയത്. 2022 മുതല്‍ അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയായതാണു കണക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടു പട്ടിക പരിശോധിക്കാനും റീഫണ്ട് ഉറപ്പാക്കിയശേഷം പദ്ധതിയില്‍നിന്ന് അനര്‍ഹരെ നീക്കം ചെയîാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനുള്ള നടപടികള്‍ വൈകുകയാണ്.
അര്‍ഹയില്ലാത്ത 22,661 പേരില്‍നിന്നായി 13.59 കോടി രൂപ മാത്രമാണു ഇതുവരെ തിരിച്ചുപിടിക്കാനായത്. അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ ഒഴിവാക്കാനും തുക തിരിച്ചുപിടിക്കാനും 2022 ന്റെ തുടക്കത്തിലാണു കേന്ദ്രം നിര്‍ദേശിച്ചത്. അന്നു സംസ്ഥാനത്തു 37.2 ലക്ഷം കര്‍ഷകര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടപ്പോള്‍ അര്‍ഹതയില്ലാത്തവര്‍ 31,416 പേരായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം നവംബര്‍ വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയായി 60, 687 ആയി വര്‍ധിച്ചു. ഇൗ കലയളവില്‍ അര്‍ഹരായ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതായും പി.എം. കിസാന്‍ സമ്മാന്‍ നിധി പോര്‍ട്ടലിലെ കണക്കുകള്‍ കാണിക്കുന്നു.
നവംബര്‍ 30 വരെ കേരളത്തില്‍ 28.1 ലക്ഷം പേര്‍ മാത്രമാണു അര്‍ഹതയുള്ള ഗുണഭോക്താക്കള്‍. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള വിവിധ ക്ഷേമ പെന്‍ഷനുകള്‍ 1458 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പോക്കറ്റിലാക്കുന്നതായി സംസ്ഥാന ധനവകുപ്പ് കണ്ടെത്തിയതിനു തൊട്ടുപിന്നാലെയാണു എസ്.എല്‍.ബി.സിയുടെ കണ്ടെത്തല്‍. അയോഗ്യരായ കര്‍ഷകരെ കണ്ടെത്തി അവരെ നീക്കം ചെയ്തുവരികയാണെന്നും അനര്‍ഹരായ പലരും അവരുടെ അക്കൗണ്ടിലേക്കു ലഭിച്ച തുക തിരികെ നല്‍കാന്‍ വിസമ്മതിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൃഷിഭവനുകളാണു പട്ടിക പരിശോധിച്ച് അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ ഒഴിവാക്കേണ്ടത്. ചില സ്ഥലങ്ങളില്‍ പ്രാദേശിക രാഷ്ട്രീയക്കാരും പഞ്ചായത്ത് അംഗങ്ങളുമൊക്കെ അര്‍ഹതയില്ലാത്തവരെ ചേര്‍ത്തിട്ടുണ്ട്. അര്‍ഹതയില്ലാത്ത അക്കൗണ്ടുകളെപ്പറ്റി ബാങ്കുകളും സര്‍ക്കാരിന് ഇടയ്ക്കിടെ വിവരം കൈമാറുന്നുണ്ട്. 2019 ല്‍ പദ്ധതി ആരംഭിച്ചപ്പോള്‍ പരമാവധി ആളുകളെ ഉള്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യം.
എന്നാല്‍, 2022 ല്‍ തന്നെ അനര്‍ഹരെ കണ്ടെത്താനുള്ള സ്‌ക്രീനിംഗ് ആരംഭിച്ചിട്ടും വര്‍ഷങ്ങളായി സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ എങ്ങനെ വര്‍ധിച്ചുവെന്നതില്‍ ബന്ധപ്പെട്ടവര്‍ക്കു ഉത്തരമില്ല. അതേസമയം, കൃഷിവകുപ്പില്‍ നിന്നുള്ള അറിയിപ്പിനുശേഷമേ ബാങ്കിംഗ് മേഖലയ്ക്കു പണം തിരിച്ചുപിടിക്കാന്‍ കഴിയൂവെന്നാണു എസ്.എല്‍.ബി.സിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി നബാര്‍ഡ് അടുത്തിടെ നടത്തിയ പഠനത്തില്‍ കേരളത്തിലെ 18 ശതമാനം കുടുംബങ്ങള്‍ മാത്രമാണു കാര്‍ഷിക കുടുംബങ്ങളെന്നും ദേശീയതലത്തില്‍ ഇതു 57 ശതമാനമാണെന്നും കണ്ടെത്തി. ഇത് ആന്ധ്രയില്‍ 53%, അസമില്‍ 67, മധ്യപ്രദേശില്‍ 64, ജാര്‍ഖണ്ധില്‍ 69, കര്‍ണ്ണാടകത്തില്‍ 55, ഗുജറാത്തില്‍ 54, തമിഴ്‌നാട്ടില്‍ 57 ശതമാനം എന്നാണു കണക്ക്. കേരളത്തിലും ഗോവയിലും 82 ശതമാനം കുടുംബങ്ങളും ഉപജീവനത്തിനായി കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന കര്‍ഷകക്ഷേമ പദ്ധതിയായ പി.എം. കിസാന്‍ ആരംഭിച്ചതു 2018 ഡിസംബറിലാണ്. രണ്ടു ഹെക്ടര്‍വരെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്കാണ് ഇൗ പദ്ധതി പ്രയോജനം ചെയ്യുക. ഭര്‍ത്താവ്, ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടങ്ങിയ കുടുംബത്തിനാണ് ആനുകൂല്യം ലഭിക്കുക. തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു കൈമാറും. സാമ്പത്തികവര്‍ഷത്തില്‍ ഏപ്രില്‍-ജൂലൈ, ഓഗസ്റ്റ്-നവംബര്‍, ഡിസംബര്‍-മാര്‍ച്ച് മാസങ്ങളിലായാണു സര്‍ക്കാര്‍ കര്‍ഷകര്‍ക്കു ധനസഹായം നല്‍കുന്നത്.
إرسال تعليق