ഇരിട്ടി: 54 വർഷമായി ഇരിട്ടി ബസ്റ്റാൻഡിൽ ബസ്സുകളുടെ വരവും പോക്കും സമയക്രമവും യാത്രക്കാരെ അറിയിച്ച് അവരുടെ വഴികാട്ടിയായി മാറിയ ബസ് ഏജന്റ് എം. ഭാസ്‌ക്കരനെ ഇരിട്ടി പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.
ഇത്രയും കാലം ബസ് സ്റ്റാന്റിലെ നിര സാന്നിധ്യമായ ഭാസ്‌ക്കരൻ യാത്രക്കാരുടേയും ബസ് ജീവനക്കാരുടേയും പ്രിയപ്പെട്ട ഭാസ്‌ക്കരേട്ടനാണ് അറിയപ്പെടുന്നത്. 74 വയസ്സിലും മാടത്തിൽ കല്ലുമുട്ടിയിലെ വീട്ടിൽ നിന്നും രാവിലെ നാലുമണിയോടെ നാലു കിലോമീറ്ററോളം നടന്നാണ് ഇദ്ദേഹം ബസ് സ്റ്റാന്റിൽ എത്തുക. അതിനുശേഷം ബസ്സുകളുടെ സമയക്രമം തെറ്റാതെയും സ്റ്റാന്റിൽ എത്തുന്ന യാത്രക്കാർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അവരുടെ സഹായിയായി വർത്തിക്കുകയും ചെയ്യുന്നു. സ്റ്റാൻഡിലെ എന്ത് കാര്യവും അറിയുന്നതിന് യാത്രക്കാരും നാട്ടുകാരും പോലീസുപോലും ആദ്യം തിരക്കുന്നത് ഭാസ്‌ക്കരനെയാണ്.
തലശ്ശേരി - കുടക് അന്തർസംസ്ഥാന പാതയിലെ കേരളാതിർത്തി കടന്നാൽ ആദ്യത്തെ പ്രധാന നഗരമെന്ന നിലയിൽ ഇതര സംസ്ഥാന യാത്രക്കാർക്കും സ്റ്റാൻഡിൽ ഒറ്റപ്പെട്ടു പോകുന്നവർക്കും ഭാസ്‌ക്കരന്റെ സേവനം ആവേളം ലഭിച്ചിട്ടുണ്ട്. ഇരിട്ടി പഴയ സ്റ്റാൻഡ് മാറി പുതിയസ്റ്റാൻഡായി മാറിയപ്പോഴും ഏജന്റ് ഭാസ്‌ക്കരന് മാറ്റമൊന്നുമുണ്ടായില്ല. ഇദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനത്തെ അംഗീകരിക്കുന്നതിനായാണ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ഭാസ്കരനെ ആദരിച്ചത്. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ടൈറ്റസ് ബെന്നി അധ്യക്ഷതവഹിച്ചു. മറ്റ് ഭാരവാഹികളായ അജയൻ പായം, സാബുസെൻ്ജൂഡ്, എൻ.പ്രഭാകരൻ, സിബിച്ചൻ മഠത്തിനകം, കെ.പി. കൃഷ്ണൻ, എ. ഭാസ്‌ക്കരൻ, ബാബുകാടായം എന്നിവർ സംസാരിച്ചു.
إرسال تعليق