കോഴിക്കോട്: ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിൽ എത്തുന്ന തീയതി പ്രഖ്യാപിച്ച് മന്ത്രി വി അബ്‌ദുറഹ്മാൻ. ഈ വർഷം ഒക്ടോബർ 25നാണ് മെസ്സി കേരളത്തിൽ എത്തുക. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നാണ് സംസ്ഥാന കായിക മന്ത്രി വി അബ്‌ദുറഹ്മാൻ പറഞ്ഞത്. കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
നവംബര്‍ രണ്ട് വരെയാണ് മെസ്സി കേരളത്തില്‍ തുടരുക എന്നാണ് നിലവിൽ ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു പൊതുപരിപാടിയിൽ കൂടി മെസ്സി പങ്കെടുത്തേക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. മുൻപ് തീരുമാനിക്കപ്പെട്ടത് പോലെ തന്നെ മെസ്സി സൗഹൃദമത്സരത്തിന്റെ ഭാഗമായി കളത്തിൽ ഇറങ്ങുകയും ചെയ്യും.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ 20 മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മന്ത്രി പുറത്തുവിട്ടിട്ടില്ല. ലോകകപ്പ് നേടിയ അർജന്റീന ടീം ഒന്നാകെ കേരളത്തിലേക്ക് വരുമോ എന്നാണ് ഇനി അറിയേണ്ടത്. മെസ്സിക്കൊപ്പം മുൻനിര താരങ്ങൾ തന്നെ കളിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയിൽ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് നേരത്തെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിരുന്നു. എന്നാൽ ഭരിച്ച ചിലവ് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ ഈ ക്ഷണം നിരാകരിക്കുകയായിരുന്നു. ഇത് ഏറ്റെടുത്ത കേരളം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയായിരുന്നു.
തുടർന്ന് സംസ്ഥാന കായികമന്ത്രിയുടെ ക്ഷണം സ്വീകരിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരാന്‍ സമ്മതം മൂളുകയായിരുന്നു. ലോകകപ്പ് നേട്ടത്തിനുശേഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് ആരാധകര്‍ക്ക് നന്ദിയറിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിൽ ഒന്നാണ് അർജന്റീന. അതുപോലെ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരം മെസ്സിയുമാണ്. അതുകൊണ്ട് തന്നെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള വരവിനെ ആരാധകർ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാൽ ഏത് ടീമിനെതിരെയാണ് അർജെന്റീന ടീം സൗഹൃദ മത്സരം കളിക്കുക എന്ന കാര്യത്തിൽ ഉൾപ്പെടെ ഇനി വ്യക്തത വരുത്തേണ്ടതുണ്ട്.
ആരാധകരുമായി സംവദിക്കാനുള്ള പൊതു പരിപാടിയാവും സംഘടിപ്പിക്കുക. മെസ്സിയുടെ വരവോടെ കേരളത്തിലെ കായിക രംഗം ഒന്നുകൂടി മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഫുട്‍ബോൾ ആരാധകരുള്ള സ്ഥലം എന്ന വിശേഷണം ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ മെസ്സിയുടെ സാന്നിധ്യം സഹായിച്ചേക്കും.
إرسال تعليق