2022 ഒക്ടോബറിൽ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു പാറശ്ശാല സ്വദേശിയായ ഷാരോണിന്റെ കൊലപാതകം. പ്രണയ ബന്ധത്തിലായിരുന്ന യുവാവ് ഷാരോണിനെ പെൺസുഹൃത്ത് ഗ്രീഷ്മ കൊലപ്പെടുത്തുന്നു. കേരളക്കര കണ്ട കൊലപാതക കേസുകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ കൊലപാതകം. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് ഒരു സൈനികൻ്റെ വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയും ചെയ്യുന്നു. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.
ഇവിടെ നിന്നാണ് കേസിന്റെ തുടക്കം. കാമുകിയായ ഗ്രീഷ്മ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കേസിൽ ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളായിരുന്നു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് മൂന്ന് പ്രതികൾക്കെതിരെയും ചുമത്തിയത്. സംഭവം നടന്ന് രണ്ട് വർഷം പിന്നിടുമ്പോൾ, കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമല കുമാരനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞു. എന്നാൽ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവുകൾ ഇല്ലെന്ന കണ്ടെത്തലിലാണ് കോടതിയുടെ നടപടി.
ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി പറഞ്ഞു. ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. അമ്മാവൻ നിർമ്മൽ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. നെയ്യാറ്റിൻകര സെഷൻ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്‌ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കിയിരുന്നു. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരനെയും പ്രതി ചേര്‍ത്തിരുന്നു. ഒക്ടോബർ 31നാണ് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ പോലീസ് സ്‌റ്റേഷനിലെ അണുനാശിനി കുടിച്ച് ഗ്രീഷ്മ ജീവനൊടുക്കാൻ ശ്രമിക്കുന്നു.
കേസിൽ പൊലീസിന്റെ കുറ്റപത്രം ഞെട്ടിക്കുന്നതായിരുന്നു. പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കിയാണ് ആദ്യം കൊലപാതകശ്രമം നടത്തിയത്. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഇത് നടപ്പിലാക്കിയെങ്കിലും ലക്ഷ്യം വിജയിച്ചില്ല. ജ്യൂസിന് കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ തുപ്പിക്കളഞ്ഞതോടെയാണ് ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടത്. ഇതിനുപിന്നാലെയാണ് കഷായത്തില്‍ വിഷം കലര്‍ത്തിനല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
സംഭവദിവസം ഷാരോണുമായി സെക്സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധപ്പെടാമെന്നും വീട്ടിലേക്ക് വരാനും ഗ്രീഷ്മ ആവശ്യപ്പെട്ടു. ഈ വാട്സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാരോണ്‍ വീട്ടിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഒരുഗ്ലാസ് കഷായം ഷാരോണിനെകൊണ്ട് കുടിപ്പിച്ചു. കഷായം കുടിച്ച് വീടിന് പുറത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായാണ് പുറത്തുകാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
62 പേജുള്ള കുറ്റപത്രത്തില്‍ ഗ്രീഷ്മയുടെ ക്രിമിനല്‍ സ്വഭാവങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അമ്മയോടും അമ്മാവനോടും ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ പറഞ്ഞിരുന്നു. കൊലപാതകത്തില്‍ പങ്കില്ലെങ്കിലും തെളിവുകള്‍ നശിപ്പിക്കാന്‍ ഇരുവരും സഹായിച്ചു. സൈനികനുമായി വിവാഹം ഉറപ്പിച്ചതിന് ശേഷം ഗ്രീഷ്മയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. തന്റെ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. അതില്‍ വിശ്വാസമില്ലെന്നു പറഞ്ഞ ഷാരോണ്‍ ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ തയാറായില്ല. ഇതോടെയാണ് കൊല്ലാന്‍ പദ്ധതി ആസൂത്രണം ചെയ്തത്.
അമ്മാവന്‍ കൃഷിക്ക് ഉപയോഗിച്ച കളനാശിനി കഷായത്തില്‍ കലര്‍ത്തിയത്. ഗ്രീഷ്മയുടെ മൊഴിയിലെ വൈരുദ്ധ്യവും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ നല്‍കിയ വിവരങ്ങളും കേസില്‍ വഴിത്തിരിവായി. വീട്ടിലെത്തിയ ഓട്ടോ ഡ്രൈവര്‍ക്കും ജൂസ് നല്‍കിയതായും കുടിച്ചശേഷം ഡ്രൈവര്‍ക്കും ഛര്‍ദിലുണ്ടായതായും ഗ്രീഷ്മ ഷാരോണിനോടും കുടുംബത്തിനെയും അറിയിച്ചിരുന്നു. തുടര്‍ന്ന് കാരണക്കോണം സ്വദേശിയായ ഡ്രൈവറെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കളവാണെന്നു ബോധ്യമായി.
ചേച്ചിയുടെ സുഹൃത്തായ ഡോക്ടറാണ് കഷായം എഴുതി നല്‍കിയതെന്നു ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. കഷായം കുപ്പിയില്‍ ഒഴിച്ചാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ഡോക്ടര്‍ ഇക്കാര്യം നിഷേധിച്ചു. ഒന്നരവര്‍ഷംമുന്‍പ് ഡോക്ടര്‍ പാറശാലയില്‍നിന്ന് സ്ഥലംമാറി പോയിരുന്നു. പിന്നീട് ഗൂഗിളില്‍ വിഷത്തിനായി സെര്‍ച്ച് ചെയ്ത വിവരങ്ങടക്കം ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ കാണിച്ചതോടെ കൊലപാതകം സമ്മതിക്കുകയായിരുന്നു. ഈ കുറ്റകൃത്യങ്ങൾ ഒക്കെ ചെയ്യുമ്പോൾ ഗ്രീഷ്മയുടെ പ്രായം 22 വയസായിരുന്നു. വളരെ ലാഘവത്തോടെയുള്ള ഒരു കൊലപാതകം. ഷാരോണിന്റെ മരണവാർത്ത കേരളം ഞെട്ടലോടെയായിരുന്നു കേട്ടത്. നിരപരാധിയെന്ന നാട്യം, തന്ത്രപരമായ കൊല, ആത്മഹത്യാശ്രമം… ഗ്രീഷ്‌മ ചെയ്ത ക്രൂരതകളുടെ നാൾവഴികൾ അത്രമേൽ ക്രൂരമായിരുന്നു.
إرسال تعليق