പാറശ്ശാല ഷാരോണ്‍ വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി നാളെ വിധി പറയാൻ പോവുകയാണ്. കേരളത്തെ നടുക്കിയ കൊലപാതക കേസിലെ വിധി സംസ്ഥാനം ഉറ്റുനോക്കുന്നുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് ഈ ക്രൂര കുറ്റകൃത്യം ചെയ്തത് എന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. 2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു.
ഷാരോണിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോണ്‍ ആശുപത്രിയിൽ കിടന്നപ്പോള്‍ രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ആ കേസിന്‍റെ നാൾവഴികൾ പരിശോധിക്കാം.
2022 ഒക്ടോബര്‍ 14
ഗ്രീഷ്മ നല്‍കിയ ജ്യൂസ് കുടിച്ചശേഷം ഛര്‍ദ്ദിച്ച് അവശ നിലയിലായ ഷാരോണിനെ ആദ്യം പാറശാല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുന്നു.
2022 ഒക്ടോബര്‍ 17
ഷാരോണിന്‍റെ വായ്ക്കുള്ളിൽ വ്രണങ്ങള്‍ ഉണ്ടാവുകയും ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും ചെയ്യുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഡയാലിസിസ് തുടങ്ങി.
2022 ഒക്ടോബര്‍ 20
മെഡിക്കല്‍ കോളേജില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് പാറശാല പൊലീസ് മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് ഷാരോണിന്‍റെ മൊഴി രേഖപ്പെടുത്തി.
2022 ഒക്ടോബര്‍ 21
പൊലീസ് ഷാരോണിന്‍റെ മൊഴിയെടുത്തു.
2022 ഒക്ടോബര്‍ 24
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഷാരോണിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
2022 ഒക്ടോബര്‍ 25
വൈകീട്ട് 5.45-ന് ഷാരോണ്‍ മരിച്ചു.
2022 ഒക്ടോബര്‍ 27
മകന്‍റെ അസ്വാഭാവിക മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഷാരോണിന്‍റെ പിതാവ് പാറശാല പൊലീസില്‍ പരാതി നല്‍കി.
2022 ഒക്ടോബര്‍ 29
അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
2022 ഒക്ടോബര്‍ 30
ഗ്രീഷ്മയേയും ബന്ധുക്കളേയും ആറ് മണിക്കൂര്‍ പൊലീസ് ചോദ്യംചെയ്തു. കഷായത്തില്‍ വിഷം കലര്‍ത്തിയതായി ഗ്രീഷ്മയുടെ കുറ്റസമ്മതം.
2022 ഒക്ടോബര്‍ 31
ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്ന് അണുനാശിനി കുടിച്ച് ആത്മഹത്യാശ്രമം. സുരക്ഷയില്‍ വീഴ്ചവരുത്തിയതിന് രണ്ട് വനിതാ പൊലീസുകാരെ സസ്പെന്‍ഡു ചെയ്തു. കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മല്‍കുമാറിനും പങ്കുണ്ടെന്നു വ്യക്തമായതിനെത്തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു.
2022 നവംബര്‍ 01
നിര്‍ണായക തെളിവായ കീടനാശിനിയുടെ ബോട്ടിലും അതിലെ ലേബലും പ്രത്യേക അന്വേഷണസംഘം കണ്ടെടുത്തു.
2023 ജനുവരി 25
നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
2023 ജൂണ്‍ 02
ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തളളി.
2023 സെപ്റ്റംബര്‍ 15
ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് മാവേലിക്കര സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റി.
2024 ഒക്ടോബര്‍ 15
വിചാരണ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.
2025 ജനുവരി 03
കേസില്‍ അന്തിമവാദം പൂര്‍ത്തിയായി.
إرسال تعليق