Join News @ Iritty Whats App Group

വെറും 20ദിവസമല്ലേ കൂടെ ജീവിച്ചത്, നിനക്ക് വേറെ ഭർത്താവിനെ കിട്ടില്ലേയെന്ന് ഭർതൃമാതാവ് ചോദിച്ചു; ഷഹാനയുടെ ബന്ധു


മലപ്പുറം: ഭർതൃ പീഡനത്തെ തുടർന്ന് മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തിൽ അബ്ദുൽ വാഹിദിനെതിരേയും കുടുംബത്തിനെതിരെയും കൂടുതൽ ആരോപണങ്ങൾ. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് അബ്ദുൽ വാഹിദ് വിളിച്ചതെന്ന് ഷഹാന മുംതാസിൻ്റെ ബന്ധുവായ അബ്ദുള്‍ സലാം പറഞ്ഞു. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസിൽ പരാതി നൽകി. 


ഷഹാനയുടെ നിറം തനിക്ക് പ്രശ്നമാണെന്നും ഇം​ഗ്ലീഷ് സംസാരിക്കാനറിയില്ലെന്നും ഭർത്താവ് കുറ്റപ്പെടുത്തിയെന്ന് ഷഹാനയുടെ ബന്ധു പറഞ്ഞു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയുടെ മുന്നിൽ വെച്ച് ഭർതൃ മാതാവ് ചോദിച്ചു. മകനെ തിരുത്തേണ്ട ഉമ്മയാണ് ഇത് ചോദിച്ചത്. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെൺകുട്ടിക്ക് മാനസിക സംഘർഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച് ഒരു നൂറ്റമ്പത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നിരുന്നുവെന്നും ബന്ധു പറഞ്ഞു. വിവാഹ ബന്ധം വേര്‍പ്പെടുത്താൻ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിലെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് വീട്ടുകാരും ആരോപിച്ചു.


നിറം കുറവെന്നും, ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് നിർബന്ധിച്ചിരുന്നു. ഭര്‍ത്താവിന്‍റെ മാതാപിതാക്കളും അതിന് കൂട്ടു നിന്നു. 2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. പിന്നീടാണ് പെൺകുട്ടിയെ മാനസിക സംഘർഷത്തിലാക്കുന്ന നിലപാട് അബ്ദുൽ വാഹിദിൽ നിന്നുണ്ടായത്. അതേസമയം, കുടുംബത്തിൻ്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group