മംഗളൂരു: ഉള്ളാൾ കെസി റോഡിലെ സഹകരണബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 12 കോടിയിലേറെ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന സംഘം കടന്നത് കേരളത്തിലേക്കാണെന്ന സംശയം ബലപ്പെടുന്നു. ആറംഗ കൊള്ളസംഘം സഞ്ചരിച്ചതെന്നു കരുതുന്ന ചാരനിറത്തിലുള്ള ഫിയറ്റ് കാർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയിൽ കേരള അതിർത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റ് കടന്നുവരുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
ബാങ്ക് കൊള്ളയടിച്ച് കവർച്ചാ സാധനങ്ങളും ആയുധങ്ങളുമായി പുറത്തിറങ്ങിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷംകാറിൽ കയറി മംഗളൂരു ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്ന് നേരത്തേ ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ, ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമായിരിക്കാമെന്നാണ് ഇപ്പോൾ പോലീസ് കരുതുന്നത്. മംഗളൂരു ഭാഗത്തേക്ക് കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം വണ്ടി തിരിച്ചിരിക്കാമെന്നാണ് സൂചന. ഇന്നലെ രാവിലെ പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് കവർച്ച നടന്നത്. ഒന്നരയോടെയാണ് ഈ കാർ തലപ്പാടിയിലെത്തിയതായി കാണുന്നത്.
തലപ്പാടിയിൽ നിന്ന് കാർ നേരെ കാസർഗോഡ് ഭാഗത്തേക്ക് വന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കേരള പോലീസിന്റെ സഹായവും തേടിയതായാണ് സൂചന. ഈ കാറിന്റെ നമ്പർപ്ലേറ്റ് വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടേക്കാർ കാർഷിക സഹകരണബാങ്കിന്റെ ഉള്ളാൾ കെസി റോഡ് ശാഖയിലാണ് കവർച്ച നടന്നത്.
രാവിലെ പതിനൊന്നരയോടെ ചാരനിറത്തിലുള്ള ഫിയറ്റ് കാറിൽ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിലെ അഞ്ചുപേരാണ് തോക്കുകളും വടിവാളുകളുമായി ബാങ്കിനകത്തേക്ക് കയറിയത്. മൂന്ന് വനിതകളടക്കം നാല് ജീവനക്കാരും പുറത്തുനിന്നെത്തിയ ഒരു സിസിടിവി ടെക്നീഷ്യനും മാത്രമാണ് അപ്പോൾ ബാങ്കിനകത്തുണ്ടായിരുന്നത്. ഇവരെ തോക്കിൻമുനയിൽ നിർത്തി ലോക്കറുകളുൾപ്പെടെ തുറപ്പിച്ചാണ് കവർച്ചാസംഘം 12 കോടിയോളം രൂപയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നത്.
إرسال تعليق