ഇരിട്ടി: യു കെയിലേക്ക് വിസ വാഗ്ദാനം നൽകി മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് എടത്തൊട്ടി സ്വദേശിയിൽ നിന്നും 11.32 ലക്ഷം തട്ടിയ കേസിൽ കൊല്ലം സ്വദേശിയെ മുഴക്കുന്ന് പോലീസ് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്നും അറസ്റ്റുചെയ്തു. കൊല്ലം ലക്ഷ്മിനഗർ സ്വദേശിയും ബിസിനസ്സ് കാരനുമായ ഷാൻ മൻസിലിൽ ഷാൻ സുലൈമാൻ (41 ) നെയാണ് വിദേശത്തു നിന്നും തിരിച്ചു വരുന്നതിനിടെ നെടുമ്പാശേരി വിമാനത്തവളത്തിൽ വെച്ച് മുഴക്കുന്ന് എസ് ഐ എൻ. വിപിനും സംഘവും പിടികൂടിയത്.
യു കെയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്നും വിവിധ ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി 11.32 ലക്ഷം രൂപ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.
2022ലാണ് കേസിനാസ്പദമായ സംഭവം. പല തവണ അവധി പറഞ്ഞ് വിസ നൽകാതായതോടെ പണം തിരിച്ചു കിട്ടുന്നതിനായി നിരവധി തവണ സമീപിച്ചെങ്കിലും നാലുലക്ഷം രൂപ മാത്രമാണ് തിരിച്ചു കിട്ടിയത്. ഇതോടെ നോർക്ക സെല്ലിൽ പരാതി നൽകുകയായിരുന്നു .
നോർക്കാ സെൽ വഴിയാണ് മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വിദേശത്തേക്ക് കടന്ന ഷാൻ സുലൈമാനായി മുഴക്കുന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിസ നൽകാമെന്ന് പറഞ്ഞ് ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഏറണാകുളം വൈററിലയിൽ പ്രവർത്തിക്കുന്ന സെവൻ എസ് സ്പൈസസ് സ്ഥാപന ഉടമായാണ് ഷാൻ. ഇയാളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.
إرسال تعليق