Join News @ Iritty Whats App Group

തണുത്തുറഞ്ഞ് ദില്ലി, യുപിയിലും വിവിധയിടങ്ങളിൽ അതിശൈത്യം; വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെൽഷ്യസ്


ദില്ലി: ദില്ലിയിൽ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന അതിശൈത്യത്തിന് ഇന്നും കുറവില്ല. ഇന്ത്യാ ​ഗേറ്റും കർത്തവ്യ പഥും ഉൾപ്പെടെയുള്ള മേഖലകളിൽ മൂടൽമഞ്ഞ് കാരണം ദൃശ്യപരതയില്ലാത്ത സ്ഥിതിയാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങളും ഒപ്പം ട്രെയിനുകളും വൈകി.  

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) അറിയിപ്പ് പ്രകാരം ദില്ലി നഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസാണ്. ന​ഗരത്തിന് ചുറ്റും ദില്ലി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെൻ്റ് ബോർഡ് സ്ഥാപിച്ച ക്യാമ്പുകളിൽ നിരവധി ആളുകളാണ് തണുപ്പിൽ നിന്ന് അഭയം പ്രാപിച്ചത്. ക്യാമ്പുകളിൽ അഭയം തേടുന്ന ആളുകൾക്ക് മരുന്ന് മുതൽ ഭക്ഷണം വരെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച് ഇന്ന് രാവിലെ ഏഴ് മണിക്ക് ദില്ലിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 207 ആയി രേഖപ്പെടുത്തിയിരുന്നു. 

വാരണാസി, അയോധ്യ എന്നിവയുൾപ്പെടെ ഉത്തർപ്രദേശിലെ പല നഗരങ്ങളിലും ഇന്ന് മൂടൽമഞ്ഞ് മൂടിയിരുന്നു. വാരാണസിയിലും അയോധ്യയിലും രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വാരണാസിയിലെ കാലാവസ്ഥയിൽ മാറ്റമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഒഡീഷയിലെ മയൂർഭഞ്ചിലും ദൃശ്യപരതയില്ലാത്ത ഇടതൂർന്ന മൂടൽമഞ്ഞാണ് ഇന്ന് കാണാനായത്.

Post a Comment

أحدث أقدم
Join Our Whats App Group