Join News @ Iritty Whats App Group

പടിയൂർ കല്യാട് ആയുര്‍വേദ ഗവേഷണ കേന്ദ്രം; നിര്‍മാണ കമ്ബനി ഓഫിസ് കത്തിനശിച്ചു


രിക്കൂർ: രാജ്യത്തുതന്നെ ഏറ്റവും ശ്രദ്ധേയമാകുംവിധം ഒരുങ്ങുന്ന പടിയൂർ കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രം നിർമാണ കരാർ കമ്ബനി ഓഫിസില്‍ വൻ തീപിടിത്തം.


പടിയൂർ പൂവം-കല്യാട് റോഡരികില്‍ ഒരുങ്ങുന്ന കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ നിർമാണ ചുമതലയുള്ള കിറ്റ്കോ ഓഫിസ് കെട്ടിടത്തിലാണ് വൻ തീപിടിത്തമുണ്ടായത്. ഉള്‍ഭാഗം പൂർണമായും അഗ്നിക്കിരയായി. ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച ഉച്ചക്ക് 12.45ഓടെയാണ് സംഭവം. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 70 കോടി ചെലവിലാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇവിടെ റോഡരികില്‍ തന്നെ പ്രവർത്തിക്കുന്ന ഓഫിസില്‍നിന്ന് വനിതകളടക്കമുള്ള ജീവനക്കാർ നിർമാണപ്രവൃത്തി വിലയിരുത്താനായി പുറത്തിറങ്ങിയപ്പോഴായിരുന്നു തീപടർന്നത്.

തീയും പുകയും ഉയർന്നതോടെ വൻ പൊട്ടിത്തെറി ശബ്ദവും ഉണ്ടായി. അതിവേഗത്തില്‍ തന്നെ മുഴുവൻ കത്തിയമർന്നു. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് ഏറെ നേരത്തിനുശേഷം തീയണച്ചത്.

നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍, കമ്ബ്യൂട്ടർ, ലാപ്ടോപ്, മേശകള്‍, എയർകണ്ടീഷണർ, കസേരകള്‍, ടൈലുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവയെല്ലാം പൂർണമായും കത്തിനശിച്ചു. കാബിനുകളും കത്തിയമർന്നു. ഷീറ്റും കമ്ബിയുംകൊണ്ട് നിർമിച്ചതിനാല്‍ ഓഫിസ് കെട്ടിടം നിലംപതിച്ചില്ല. 

മുന്നില്‍ തന്നെ പുതിയ കെട്ടിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവയുടെ മിനുക്കുപണികള്‍ അന്തിമഘട്ടത്തിലാണ്. നിരവധി തൊഴിലാളികളും ഇവിടെ പണിയെടുക്കുന്നുണ്ട്. തീ പടർന്നിരുന്നെങ്കില്‍ വലിയ ദുരന്തമാണ് സംഭവിക്കുക. 

ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ജീവനക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും കിറ്റ്കോ സീനിയർ കണ്‍സല്‍ട്ടന്റ് ബൈജു ജോണ്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 60 ശതമാനത്തോളം പണി പൂർത്തിയായ നിലയിലാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം.

Post a Comment

أحدث أقدم
Join Our Whats App Group